ഇന്ത്യയിലെ പരമോന്നത നീതിന്യായ കോടതിയാണ് സുപ്രീം കോടതി. (Supreme Court of India). ഇന്ത്യൻ ഭരണഘടനയുടെ ഭാഗം- V, ചാപ്ടർ IV എന്നിവയുടെ അടിസ്ഥാനത്തിൽ രൂപം കൊണ്ടിട്ടുള്ള ഇത് ഇന്ത്യയിലെ ന്യായപീഠത്തിന്റെ പരമോന്നത കോടതിയാണ്. ഭരണഘടനാ തത്ത്വങ്ങൾ, മൗലികാവകാശങ്ങൾ എന്നിവയുടെ കാവൽ മാലാഖയാണിത്. പൗരന്റെ മൗലികാവകാശങ്ങൾ സംരക്ഷിച്ചുകിട്ടുന്നതിനു സുപ്രീം കോടതിയിൽ പരാതി ബോധിപ്പിക്കാവുന്നതാണ്. സുപ്രീം കോടതി പ്രഖ്യാപിക്കുന്ന നിയമം ഇന്ത്യയിലെ എല്ലാ കോടതികൾക്കും ബാധകമാണ്.
സുപ്രീം കോടതിക്ക് മാത്രം കേൾക്കാൻ അധികാരമുള്ള തർക്കങ്ങളാണ്
- കേന്ദ്രവും സ്റ്റേറ്റും തമ്മിലുള്ള തർക്കം
- കേന്ദ്രവും സ്റ്റേറ്റും ഒരു ഭാഗത്തും മറ്റൊരു സ്റ്റേറ്റോ സ്റ്റേറ്റുകളോ മറുഭാഗത്തും
- സ്റ്റേറ്റുകൾ തമ്മിലുള്ള തർക്കങ്ങൾ
സാധാരണ രീതിയിൽ സുപ്രീം കോടതിയിൽ ഇതിനു കീഴെയുള്ള സംസ്ഥാന ഹൈക്കോടതികളിലെ വിധികൾക്കെതിരേയുള്ള അപ്പീലുകളാണ് പരിഗണിക്കുന്നത്. പക്ഷെ, ഇത് കൂടാതെ സുപ്രധാന കേസുകളിൽ സുപ്രീം കോടതിയിൽ നേരിട്ട് അപ്പീൽ കൊടുക്കാവുന്നതാണ്. കോർട്ടലക്ഷ്യത്തിനു ശിക്ഷിക്കാനും ഈ കോടതിക്ക് അധികാരമുണ്ട്. സുപ്രീം കോടതി സ്ഥാപിതമായത് 1950 ജനുവരി 26നാണ്. പ്രധാന ന്യായാധിപൻ ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ ആണ്. ഇതു വരെ 24,000 ല്‍ അധികം കേസുകളിൽ സുപ്രീം കോടതി വിധി പറഞ്ഞിട്ടുണ്ട് എന്നാണ് കണക്ക്.