മനുഷ്യന്‍ ആരാണ് ? എവിടെ നിന്നു വന്നു ? എങ്ങിനെ ജീവിക്കണം ? മരണാനന്തരം എന്ത് ? ഈ ലോകം എങ്ങനെ ഉണ്ടായി ? എപ്പോള്‍ ഉണ്ടായി ? എനങ്ങനെയുള്ള നിരവധി ചോദ്യങ്ങള്‍ നമ്മുടെ മുന്നില്‍ ഉണ്ട്.
ഈ ലോകത്തില്‍ ഉള്ള ജീവ ജാലങ്ങളെ രണ്ടായി തരം തിരിക്കാം. ഒന്ന് മനുഷ്യര്‍, രണ്ട് മനുഷ്യരല്ലാത്ത മറ്റു ജീവ ജാലങ്ങള്‍. ശരീരവും ശരീരാവശ്യങ്ങളായ തിന്നുക, കുടിക്കുക, ഭോഗിക്കുക, ഉല്ലസിക്കുക തുടങ്ങിയ കര്യങ്ങള്‍ മനുഷ്യരെ പോലെ മറ്റു ജീവ ജാലങ്ങളും നിര്‍വ്വഹിച്ച് വരുന്നു. ഈ കാര്യങ്ങളില്‍ മനുഷ്യനല്ലാത്ത ജീവികളെ സഹായിക്കുന്നത് അവയുടെ ജന്മവാസനകളാണ്. ഈ കാര്യത്തില്‍ മനുഷ്യനേക്കാള്‍ മികച്ചു നില്‍കുന്ന ഒരു പാട് ജീവികള്‍ ഈ ലോകത്ത് ഉണ്ട്. ഉദാഹരണത്തിന് തേനീച്ച. തേനീച്ചയുടെ കൂട് നിര്‍മ്മാണം ഒരു ആധുനിക എഞ്ചിനീര്‍ നു പോലും ചിന്തിക്കാന്‍ കഴിയുന്നതിലപ്പുറമാണ്. അത് പോലെ പാറിപറക്കുന്ന തേനീച്ചക്ക് ഏതൊക്കെ പൂവില്‍ എപ്പൊഴൊക്കെ തേന്‍ ഉണ്ടെന്ന് എളുപ്പം കണ്ടു പിടിക്കാന്‍ സാധിക്കും. ചിതല്‍ പുറ്റ്, അവയ്ക്ക് 25 അടി വരെ ഉയരമുള്ള വിവിധ അറകളുള്ള പുറ്റുകള്‍ നിര്‍മ്മിക്കാന്‍ പറ്റും. ചിതലിന്റെ യും മനുഷ്യന്റെയും വലുപ്പം താരതമ്യപ്പെടുത്തുമ്പോള്‍, മനുഷ്യന്‍ 1000 നില കെട്ടിടം നിര്‍മിക്കാന്‍ പറ്റണം. അതുപോലെ തവളയുടെ ചാട്ടം. തവളയുടെ 20 ഇരട്ടി വലുപ്പത്തില്‍ ചാടാന്‍ കഴിവുള്ള ജീവിയാണ്. ഇതനുസരിച്ച് മനുഷ്യന് ചാടാന്‍ പറ്റുമെങ്കില്‍ 100 മീറ്റര്‍നു മുകളില്‍ ചാടാന്‍ പറ്റണം. ഇതു പോലെയാണ് പല ജീവികളുടെയും കാര്യങ്ങള്‍. പൂച്ചയുടെ കാഴ്ച, പട്ടിയുടെ കേള്വി, എല്ലാ ഭാഗങ്ങളിലേക്കും പറക്കാനുള്ള തുമ്പിയുടെ കഴിവ് എല്ലാം മനുഷ്യന്റെ കഴിവിനേക്കാള്‍ വളരെ മികച്ചതാണ്.
എന്നാല്‍ ഈ ജീവജാലങ്ങള്‍ക്കൊന്നും തന്റെ ജന്മവാസനയുടെ പരിധിവിട്ട് പുറത്ത് പോകാന്‍ സാധിക്കില്ല. നൂട്ടാണ്ടുകള്‍ക്ക് മുമ്പ് കാക്ക പറക്കുന്ന പോലെ കാക്കക്കു ഇന്നും പറക്കാന്‍ സാധിക്കൂ. തേനീച്ച എന്നും ഒരേ രീതിയില്‍ ആണ് കൂട് വെക്കുന്നത്. അതു പൊലെ തന്നെ മറ്റു ജീവികളുടെയും കാര്യങ്ങള്‍. എന്നാല്‍ മനുഷ്യന്റെ കാര്യം ഇതില്‍ നിന്നും വളരെ വ്യത്യസ്തമാണ്.
മനുഷ്യനില്‍ പ്രധാനമായും മുന്നു ഘടകങ്ങള്‍ ഉണ്ട് : ശരീരം, മനസ്സ്, ആത്മാവ്. മനുഷ്യന്‍ തന്റെ ജീവിതത്തില്‍ ഒരുപാട് പുരോഗതി നേടിയവന്‍ ആണ്. നമ്മുടെ പൂര്‍വ്വികര്‍ താമസിച്ചിരുന്നത് പാറപ്പൊത്തുകളിലാണ്. പിന്നീട് ചെറിയ കൂരകള്‍ കെട്ടിയും മറ്റും പുരോഗമിച്ച് പുരോഗമിച്ച് എല്ലാവിധ സൗകര്യങ്ങളോടുംകൂടിയ പടുകൂറ്റന്‍ കെട്ടിടങ്ങള്‍ നിര്‍മ്മിച്ച് അതില്‍ താമസിച്ച് തുടങ്ങി. പക്ഷികളേക്കാള്‍ വേഗതയില്‍ പറക്കുന്ന വിമാനങ്ങള്‍, നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയാത്ത കാര്യങ്ങള്‍ വളരെ വ്യക്തതയോടെ കാണാന്‍ കഴിയുന്ന ഉപകരണങ്ങള്‍ അങ്ങനെ അങ്ങനെ എണ്ണാന്‍ കഴിയാത്ത അത്ര പുരോഗതികള്‍ മനുഷ്യന്‍ കൈവരിച്ചു. ഇതിനൊക്കെയും അവനെ സഹായിച്ചത് അറിയാനും പഠിക്കാനും, മനസ്സിലാക്കാനും ഉള്‍കൊള്ളാനും വിവേചിച്ചറിയാനും കഴിവേകുന്ന വിശേഷബുദ്ധിയാണ്.
എന്നാല്‍ മനുഷ്യന് ജന്മവാസനകളെ നിയന്ത്രിക്കാനും അവയുടെ മേല്‍ മേധാവിത്വം പുലര്‍ത്താനും സാധിക്കും. മറ്റുള്ള ജീവികള്‍ക്ക് അത് സാധ്യമല്ല. വിശക്കുന്ന പശുവിന് പുല്ല് കിട്ടിയാല്‍ തന്നെക്കാള്‍ വിശപ്പുള്ള പശു തിന്നട്ടെ എന്ന് കരുതി അത് തിന്നാതിരിക്കില്ല. അങ്ങനെ തന്നെയാണ് മറ്റുള്ള ജീവികളില്‍ എല്ലാ കാര്യങ്ങളും. എന്നാല്‍ കൊടും ചൂടില്‍ ധാഹിച്ച് വലയുന്ന മനുഷ്യന് വെള്ളം കിട്ടിയാല്‍ കുടിക്കാതിരിക്കാന്‍ പറ്റും. അതുപോലെ ആഗ്രഹങ്ങളെ നിയന്ത്രിക്കാനും മോഹങ്ങളെ മെരുക്കി എടുക്കാനും സാധിക്കും.
ഇതിനവനെ സഹായിക്കുന്നത് ആത്മീയാംശമാണ്. അതുകൊണ്ട് തന്നെ മനുഷ്യന്‍ ജന്മവാസനകളാല്‍ തീര്‍ത്തും നിയന്ത്രിതനോ ബന്ധിതനോ അല്ല. അവന്റെ ജീവിതത്തിന് രണ്ട് വശങ്ങളുണ്ട്. ഒന്ന് സ്വയം തെരഞ്ഞെടുക്കാനും തീരുമാനിക്കാനും സ്വാതന്ത്ര്യവും സാധ്യതയുമുള്ള മേഖല. രണ്ടാമത്തേത് അതില്ലാത്തതും.
നമ്മുടെ നാട്, വീട്, ദേശം, ഭാഷ, കാലം, കോലം, ലിംഗം ഇതൊന്നും തീരുമാനിക്കുന്നത് നാം അല്ലല്ലോ. കേരളത്തില്‍ അല്ലെങ്കില്‍ വേറെ എവിടെ എങ്കിലും മലയാളി ആയി ജനിക്കണം എന്ന് നാം ആരും തീരുമാനിച്ചതല്ല. നാം നീണ്ടവരാകണോ, കുറിയവരാകണോ, വെളുത്തവരാകണോ, കറുത്തവരാകണോ, മലയാളി ആകണോ, തമിഴനാകണോ, ആണാകണോ, പെണ്ണാകണോ, ഇരുപതാം നൂറ്റാണ്ടില്‍ ജനിക്കണോ എന്നിവയൊക്കെ തീരുമാനിക്കാനുള്ള ബാധ്യതയോ സ്വാതന്ത്ര്യമോ നമുക്കാര്‍ക്കും ലഭിച്ചിട്ടില്ല. ഇതൊക്കെ നടക്കുന്നത് ദൈവ നിയമങ്ങളുടെ ഭാഗമായിട്ടാണ്.
എന്നാല്‍ മനുഷ്യന് സ്വയം തെരഞ്ഞെടുക്കാനും തീരുമാനിക്കാനും സാധ്യതയും സ്വാതന്ത്ര്യമുള്ള മേഖലകളുണ്ട്. നമ്മുടെ ഭക്ഷണം, വസ്ത്രം, യാത്ര തുടങ്ങിയവ. നാം എന്ത് കഴിക്കണം എന്ത് കഴിക്കരുത് എന്ത് ധരിക്കണം എന്ത് ധരിക്കരുത് , എവിടെ ഒക്കെ പോകണം എവിടെ ഒക്കെ പോകരുത് പോലുള്ള കാര്യങ്ങള്‍ തീരുമാനിക്കാനുള്ള സാധ്യത നമുക്കെല്ലാവര്‍ക്കും നല്‍കപ്പെട്ടിരിക്കുന്നു. ഈ സ്വാതന്ത്ര്യങ്ങള്‍ക്കുള്ള നിയന്ത്രണത്തിനേയാണ് നിയമങ്ങള്‍ എന്ന് വിളിക്കുന്നത്. നമുക്ക് സംസാരിക്കാന്‍ സ്വാതന്ത്യം ഉണ്ട്, പക്ഷെ അത് മറ്റുള്ളവരുടെ വികാരത്തെ വ്രണപ്പെടുത്തുന്നത് ആകരുത്, അഭിമാനത്തെ നോവിക്കുന്നതോ ആവരുത്.
മനുഷ്യജീവിതത്തിന് ഈ വിധത്തിലുള്ള നിയമം അനിവാര്യമാണെന്നതില്‍ ആര്‍ക്കും സംശയം ഇല്ല. അതുകൊണ്ട് തന്നെ ലോകത്തുള്ള എല്ലാ സമൂഹങ്ങള്‍ക്കും, രാഷ്ട്രങ്ങള്‍ക്കും നിയമ വ്യവസ്തകളും ഭരണഘടനകളും ഉണ്ട്.
ഇനി, ആരാണ് ഈ നിയമം മനുഷ്യനു നല്‍കേണ്ടത് ? ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍, ഞാന്‍ എന്ത് കാണണം, കാണരുത്, എന്റെ കൈകൊണ്ട് എന്തൊക്കെ ചെയ്യാം എന്തൊക്കെ ചെയ്യാന്‍ പാടില്ല, കാതുകൊണ്ട് എന്തൊക്കെ കേള്‍ക്കാം എന്തൊക്കെ പാടില്ല. ഇങ്ങനെയുള്ള കാര്യങ്ങള്‍ക്ക് നിയമം നല്‍കേണ്ടത് ആരാണ്?. എളുപ്പത്തിനു വേണ്ടി പറയാം, ഇതെല്ലാം ഓരോരുത്തരും തീരുമാനിക്കട്ടെ എന്ന്. അങ്ങനെ ആയാല്‍ കോടിക്കണക്കിന് ജനങ്ങളുടെ പരസ്പരവിരുദ്ധമായ നിയമങ്ങള്‍ സംഘട്ടനങ്ങള്‍ക്ക് ഇടയാകും.
അതോടൊപ്പം നമുക്ക് നമ്മുടെ മേല്‍ തന്നെ എത്രത്തോളം അവകാശം ഉണ്ട് ?. നാം എല്ലാവരും പറയാറുണ്ട് എന്റെ മൂക്ക്, എന്റെ കണ്ണ്, എന്റെ കൈ എന്നൊക്കെ. നാം സൂക്ഷമമായി നോക്കിയാല്‍ ഇവയൊന്നും നമ്മുടെതല്ല എന്ന് മനസ്സിലാകും. കണ്ണ് നമ്മുടെതാണെങ്കില്‍ വയസ്സാകുമ്പോള്‍ അതിന്റെ കാഴ്ച നഷ്ടപ്പെടില്ലായിരുന്നു. കൈ എന്റേതാണെങ്കില്‍ ഞാന്‍ എന്റെ കൈ ഏറ്റവും നല്ലതാക്കാന്‍ നോക്കുമായിരുന്നു, അതിനെ മെലിഞ്ഞു ശോഷിക്കാനോ നിശ്ചലമാക്കാനോ വിടില്ലായിരുന്നു. അതുപോലെ തന്നെയാണ് മറ്റു അവയവങ്ങളും, നമ്മുടെ ജീവനും, ആയുസ്സും ശരീരവുമെല്ലാം നമ്മുടെതല്ല. ചിലര്‍ പെട്ടന്നു മരിക്കുന്നു, ചിലര്‍ പ്രായമായി മരിക്കുന്നു, ചിലര്‍ അപകടത്തില്‍ മരിക്കുന്നു. ഇതൊക്കെ അതാണ് സൂചിപ്പിക്കുന്നത്. ഇതിന്റെ ഒക്കെ പൂര്‍ണ്ണമായ ഉടമാവകാശം പ്രപഞ്ചത്തിലെ പരാശക്തിയായ പടച്ചതമ്പുരാനുള്ളതാണ്.
ഇവയൊന്നും നാം ഉണ്ടാക്കിയതല്ലല്ലോ! യഥാര്‍ത്തത്തില്‍ മനുഷ്യര്‍ ഈ ലോകത്ത് പുതുതായി ഒന്നും തന്നെ ഉണ്ടാക്കുന്നില്ല(ഒരുതരി മണ്ണ് പോലും). മനുഷ്യന് വസ്തുക്കളെ ഒരു രൂപത്തില്‍ നിന്നും മറ്റൊരു രൂപത്തിലേക്ക് മറ്റുവാനേ സാധിക്കൂ. ഇതു തന്നെയാണ് ശാസ്ത്രവും പറയുന്നത്. സൗകര്യത്തിനു വേണ്ടി നാം പറയാറുണ്ട് ആശാരി മേശ ഉണ്ടാക്കി എന്ന്. പക്ഷെ നമുക്കറിയാല്ലോ ആ മേശക്ക് വേണ്ടിയുള്ള മരം, ആണി, ഉപകരണമായ ഉളി ഇവയൊന്നും ഊണ്ടാക്കുന്നത് ആശാരിയല്ല. പിന്നെ എങ്ങിനെയാണ് ആശരി മേശ ഉണ്ടാക്കി എന്നു പറയാന്‍ സാധിക്കും. ഈ ലോകത്തിലുള്ള പദാര്‍ത്ഥങ്ങളെടുത്ത് അതിന്റെ രൂപം മാറ്റുവാനേ മനുഷ്യന് സാധിക്കൂ. പുതുതായി നിര്‍മ്മിക്കാന്‍ ആര്‍ക്കും സാധിക്കില്ല.
അതിനാല്‍ പുതുതായി നിര്‍മ്മിക്കാന്‍ കഴിയാത്ത മനുഷ്യന് ഈ ലോകത്ത് ഒന്നിന്റെ മേലും പൂര്‍ണ്ണമായ ഉടമാവകാശമോ, അധികാരമോ, നിയന്ത്രണമോ ഇല്ല. ആരാണ് ഇതെല്ലാം സൃഷ്ടിച്ചത് അവന്നേ ഉടമസ്ഥതയുള്ളൂ, അവന് മാത്രമേ നിയമ നിര്‍മ്മാണാധികാരവുമുള്ളൂ. അതിനാല്‍ നാം എങ്ങനെ ജീവിക്കണം,എങ്ങനെ ജീവിക്കരുത്, എന്തൊക്കെ ചെയ്യാം എന്തൊക്കെ പാടില്ല എന്ന് തീരുമാനിക്കാനും കല്പിക്കാനും വിരോധിക്കാനും അത്യന്തികവും പരമവുമായ അവകാശം. നമ്മുടെയും നാം ജീവിക്കുന്ന പ്രപഞ്ചത്തിന്റെയും സ്രഷ്ടാവും സംരക്ഷകനുമായ ദൈവത്തിന് മാത്രമേ ഉള്ളൂ. ഇതാണ് ഇസ്ലാമിന്റെ മൗലിക സിദ്ധാന്തം. അതിനാല്‍ മനുഷ്യന് സ്വയം തെരഞ്ഞെടുക്കാന്‍ സാധ്യതയും സ്വാതന്ത്ര്യവും ലഭിച്ച മേഖലകളില്‍ ദൈവം നിശ്ചയിച്ച നിയമങ്ങള്‍ക്ക് വിധേയമായി, അവന്‍ അവതരിപ്പിച്ചു തന്നെ ജീവിത വ്യവസ്ഥാനുസൃതമായി ജീവിക്കുന്നതിനാണ് ഇസ്ലാം എന്ന് പറയുക. അങ്ങനെ ജീവിക്കുന്ന വ്യക്തിക്ക് മുസ്ലിം എന്നും, വ്യക്തികളുടെ കൂട്ടത്തിന് മുസ്ലിംകള്‍ എന്നും പറയുന്നു. അത് ഏതെങ്കിലും ഭാഷക്കാരുടെയോ, ദേശക്കാരുടെയോ, ജാതിക്കാരുടെയോ, പേരല്ല. മറിച്ച് ഈ പ്രപഞ്ചത്തിനെ ഏതൊരു ദൈവമാണോ സൃഷ്ടിച്ചത്, അതേ ദൈവത്തിന്റെ നിയമവ്യവസ്ഥക്ക് വിധേയമായി ജീവിക്കുന്നതിനാണ് ഇസ്ല്ലാം എന്ന് വിളിക്കുന്നത്.
ദൈവം പ്രപഞ്ചത്തിന്റെ സ്രഷ്ടാവാണ്. ഇവിടെയുള്ളവരെല്ലാം സൃഷ്ടികളും. സൃഷ്ടികള്‍ക്ക് ഒരിക്കലും സ്രഷ്ടാവിനെ പോലെ ആകാന്‍ പറ്റില്ല. നാം ഒരു വസ്തു ഉണ്ടാക്കിയാല്‍ ആ വസ്തുവിന് നമ്മെ പോലെ കാണാനും കേള്‍ക്കാനും ഒന്നും പറ്റില്ലല്ലോ. അതുപോലെ നമ്മള്‍ ആരും ദൈവത്തെപ്പോലെ സര്‍വ്വശക്തനോ, സര്‍വ്വജ്ഞനോ അല്ല. അതേ സമയം ഈ പ്രപഞ്ചവും ഇവിടെയുള്ളവയും എല്ലാം ദൈവത്തിന്റെ വൈദഗ്ധ്യത്തിന്റെയും സൃഷ്ടിമാഹാത്മ്യത്തിന്റെയും ഉത്തമ ദൃഷ്ടാന്തമാണ്. അത് കൊണ്ട് തന്നെ ദൈവത്തിന് മാത്രമേ ഈ ലോകത്തിലെ എല്ലാറ്റിനുമേല്‍ നിയമനിര്‍മ്മാണത്തിനുള്ള പരമാധികാരം ഉള്ളൂ. അവനെ വഴങ്ങി വണങ്ങി ജീവിക്കാനാണ് ഇസ്ലാം മതം പഠിപ്പിക്കുന്നത്. ഖുര്‍ആന്‍ പറയുന്നു: “ജനങ്ങളേ, നിങ്ങളേയും നിങ്ങളുടെ മുന്‍ഗാമികളേയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങള്‍ ആരാധിക്കുവിന്‍. നിങ്ങള്‍ ദോഷബാധയെ സൂക്ഷിച്ച് ജീവിക്കുവാന്‍ വേണ്ടിയത്രെ അത്.”(വി:ഖു. 2:21).
മരണാനന്തര ജീവിതം
ഈ ലോകത്തിനെ എല്ലാ ജീവജാലങ്ങളും മരിച്ച് കൊണ്ട് ഈ ലോകത്തോട് വിടവാങ്ങും. ആരും അവരുടെ കര്‍മ്മഫലം വാങ്ങിക്കൊണ്ടല്ല മരിച്ച് പോകുന്നത്. പരസ്യമായും രഹസ്യമായും ഒരുപാട് കുറ്റങ്ങളും ക്രൂരകൃത്യങ്ങളും ചെയ്യുന്ന ഒരുപാട് മനുഷ്യരുണ്ട്. അവര്‍ക്കാര്‍ക്കും അര്‍ഹമായ ശിക്ഷ ഈ ലോകത്ത് വെച്ച് നല്‍കാന്‍ സാധിക്കില്ല. ഉദാഹരണത്തിന്, ഒരാള്‍ ഒരാളെ കൊന്നാല്‍ പകരം കൊലപാതകിയെ പരമാവധി നമുക്ക് വധിക്കാന്‍ സാധിക്കും. നൂറുകണക്കിന് ആയിരക്കണക്കിന് ആളുകളെ കൊന്ന വ്യക്തിയേയും നമുക്ക് ഒരു പ്രാവശ്യം വധിക്കാനെ സാധിക്കൂ. അത്കോണ്ട് നീതി നടപ്പായി എന്ന് പറയാന്‍ സാധിക്കില്ല. കാരണം, കൊലയാളിയെ വധിക്കല്‍ കൊണ്ട് മരിച്ച ആള്‍ തിരിച്ച് വരികയില്ല, കൂടാതെ ആ കുടുംബത്തിന്റെ നഷ്ടം നികത്താനും പറ്റില്ല. പക്ഷെ ഭൂമിയില്‍ സമാധാനം ഉണ്ടാകണമെങ്കില്‍ ഇതുപോലെയുള്ള നിയമ നടപടികള്‍ അനിവാര്യമാണ്.
അത്പോലെ ഒരുപാട് നന്മ ചെയ്യുന്നവര്‍ക്ക്, അവരുടെ കര്‍മ്മഫലം ഈ ലോകത്ത് വെച്ച് കൊടുക്കാന്‍ സാധിക്കില്ല. എന്നാല്‍ എല്ലാ മനുഷ്യരും നീതി ആഗ്രഹിക്കുന്നു. പക്ഷെ ഒരിക്കലും അതു പൂര്‍ണ്ണമായ രീതിയില്‍ നടപ്പിലാക്കന്‍ സാധിക്കില്ല എന്നത് ഏതൊരാളും സമ്മതിക്കുന്ന കാര്യമാണ്. എത്ര അത്ഭുതകരമായ ഒരു സൃഷ്ടി സംവിധാനതിന്റെ പര്യവസാനമാണിത് എന്ന് കൂടി നാം ചിന്തിക്കേണ്ടതുണ്ട്.
മനുഷ്യര്‍ അവന്റെ കര്‍മ്മഫലം അനുഭവിക്കുക തന്നെ വേണം. പക്ഷെ ഭൂമിയില്‍ വെച്ച് അത് സാധിക്കുകയില്ല. അതിനാല്‍ മതം നമ്മോട് പറയുന്നു: മരണം എല്ലാറ്റിനും അന്ത്യമല്ല, മറിച്ച് അത് മറ്റൊരു ജീവിതത്തിന്റെ തുടക്കമാണ്. പരലോകത്ത് വെച്ചാണ് ഈ ലോകത്തിന്റെ കര്‍മ്മഫലം അനുഭവിക്കേണ്ടത്. ഓരോ മനുഷ്യനും അവന്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് ഉണ്ടാവുക. ഖുര്‍ആന്‍ പറയുന്നു: “ഓരോ വ്യക്തിയും താന്‍ സമ്പാദിച്ചു വെച്ചതിന് പണയപ്പെട്ടവനാകുന്നു.”(74:38). “അപ്പോള്‍ ആര്‍ ഒരു അണുവിന്‍റെ തൂക്കം നന്‍മ ചെയ്തിരുന്നുവോ അവനത് കാണും. ആര്‍ ഒരു അണുവിന്‍റെ തൂക്കം തിന്‍മ ചെയ്തിരുന്നുവോ അവന്‍ അതും കാണും.”(99:7,8). മനുഷ്യന്റെ എല്ലാ പ്രവൃത്തികളും വളരെ വ്യക്തമായി രേഖപ്പെടുത്തിവെക്കുന്നുണ്ട് എന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്.
ദൈവദൂതന്‍
ഈ ലോകത്തിലെ ഭൗതീകമായ എല്ലാ കാര്യങ്ങളും അറിയുവാന്‍ പലവഴികളും നമ്മുടെ മുന്നിലുണ്ട്. വൈധ്യശാസ്ത്രം ഉപയോഗിച്ച് ശരീരത്തിലെ രോഗങ്ങളെ കണ്ടുപിടിക്കാന്‍ പറ്റും, ഗണിത ശാസ്ത്രം ഉപയോഗിച്ച് കണക്കുകള്‍ കൂട്ടാം, ഭൂഗര്‍ഭ ശാസ്ത്രം ഉപയോഗിച്ച് ഭൂമിയുടെ ഉള്ളിലുള്ള കാര്യങ്ങളെ കുറുച്ച് പഠിക്കാം. എന്നാല്‍ വൈധ്യശാസ്ത്രം ഉപയോഗിച്ച് ദൂരങ്ങള്‍ അളക്കാന്‍ സാധിക്കില്ല, ഭൂഗര്‍ഭ ശാസ്ത്രം ഉപയോഗിച്ച് മനുഷ്യനെ ചികിത്സിക്കാന്‍ സാധിക്കില്ല, കാരണം എല്ലാ വിജ്ഞാന ശാഖകള്‍ക്കും അതിന്റെതായ മാനദണ്ഡങ്ങള്‍ ഉണ്ട്. എന്നാല്‍ ദൈവം, സ്വര്‍ഗം, നരകം, പരലോകം, മാലാഖമാര്‍, പിശാചുക്കള്‍ പോലുള്ള അഭൗതീകമായ അറിവ് നേടാന്‍ മനുഷ്യന്റെ കയ്യില്‍ ഒരൊറ്റ മാനദണ്ഡമേയുള്ളൂ. അത് സാധാരണ മനുഷ്യരില്‍ നിന്നും വ്യത്യസ്തരായ, സവിശേഷരായ, തെരഞ്ഞെടുക്കപ്പെട്ട ദൈവദൂതരിലൂടെ ലഭ്യമായ ദൈവിക വിജ്ഞാനമാണ്(അഥവാ ദിവ്യബോധനം). അറിവിന്റെ ആറാം സ്രോതസ്സാണിത്.
ഒരു കാര്യം കൂടി നാം മനസ്സിലാക്കേണ്ടതുണ്ട്. ജന്മനാ അന്ധനായ മനുഷ്യനോട് നാം ഇലയുടെ നിറം പച്ചയാണ്, പാലിന്റെ നിറം വെളുപ്പാണ്, കാക്കയുടെ നിറം കറുപ്പാണ് എന്നു പറഞ്ഞാല്‍, അയാള്‍ക്ക് അത് മനസ്സിലാകണമെങ്കില്‍, പറയുന്ന ആളെ വിശ്വസിക്കുകയല്ലതെ നിര്‍വാഹമില്ല. മറിച്ച്, വര്‍ണ്ണത്തെക്കുറിച്ച് സംസാരിക്കുന്നവരൊക്കെ അന്ധനായ ഈ മനുഷ്യന്‍ അവിശ്വസിക്കുന്നുവെങ്കില്‍ വിജ്ഞാനത്തിന്റെ ഒരു വലിയ ലോകംതന്നെ അയാള്‍ക്ക് അന്യമായിരിക്കും. അതുപോലെ തന്നെയാണ്, മനുഷ്യരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട, ജീവിതത്തില്‍ ഒരിക്കലും കളവ് പറഞ്ഞിട്ടില്ലാത്ത, ആരെയും ദ്രോഹിച്ചിട്ടില്ലാത്ത; സ്വഭാവം, പെരുമാറ്റം, സമീപനം, ജീവിതരീതി പോലുള്ളവയാല്‍ സവിശേഷരായ ദൈവദൂതന്മാരിലൂടെ ലഭ്യമായ ദിവ്യസന്ദേശത്തെ നിഷേധിക്കുന്നവരുടെയും അവസ്ഥ. സത്യസന്ധത ആരാലും ചോദ്യം ചെയ്യപ്പെട്ടിട്ടില്ലാത്ത ഈ പ്രവാചകന്മാരെ അംഗീകരിക്കാത്തവര്‍ക്ക് അഭൗതികജ്ഞാനത്തെക്കുറിച്ച് അറിവു നല്‍കിയ ദൈവദൂതന്മാര്‍ ലോകത്തിലെ എല്ലാ പ്രദേശങ്ങളിലും, എല്ലാ കാലഘട്ടങ്ങളിലും നിയോഗിതരായിട്ടുണ്ട്. ഒരു ലക്ഷത്തിലേറെ പ്രവാചകന്മാര്‍, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍, ചരിത്രത്തിന്റെ വിവിധ ദശാസന്ധികളിലായി മാനവ സമൂഹത്തിന്റെ മാര്‍ഗദര്‍ശനത്തിനായി നിയോഗിതരായിട്ടുണ്ട് എന്ന് ഇസ്ലാം പഠിപ്പിക്കുന്നു. ആ ദൈവദൂതന്മാരൊക്കെയും മനുഷ്യ സമൂഹത്തോട് പറഞ്ഞത് ഒരേ കാര്യമായിരുന്നു: “നിങ്ങള്‍ ഈ പ്രപഞ്ചത്തിന്റെ പിന്നിലെ പരാശക്തിയായ പടച്ചതമ്പുരാന് മാത്രം വണങ്ങി, വഴങ്ങി, വിധേയമായി അവനെ മാത്രം ആരാധിച്ച്, അനുസരിച്ച്, അടിപെട്ട് ജീവിക്കുക. അവന്റെ അധികാര വശങ്ങളില്‍ അനര്‍ഹമായി കടന്നുകയറാന്‍ ആഗ്രഹിക്കുന്ന എല്ലാ ധിക്കാരികളെയും അതിക്രമകാരികളെയും നിരാകരിക്കുക”.
ഇന്ത്യയില്‍, ആഫ്രിക്കയില്‍, അമേരിക്കയില്‍, അറബു നാടുകളില്‍ ലോകമെങ്ങും ഇത്തരം ദൈവദൂതന്മാര്‍ നിയോഗിതരായിട്ടുണ്ട്. ആ ദൈവദൂതന്മാരിലെ അവസാനത്തെ കണ്ണിയാണ് അന്ത്യപ്രവാചകനായ മുഹമ്മദ് നബി(സ). അദ്ദേഹം പതിനാലു നൂറ്റാണ്ടുകള്‍ക്കപ്പുറം അറേബ്യന്‍ മരുഭൂമിയില്‍ ദൈവിക സന്മാര്‍ഗവുമായി നിയോഗിതനായി. ‘സത്യസന്ധന്‍’ എന്ന അപരനാമത്തിലഅയിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. നബി(സ) ഉള്‍പ്പെടെ ലോകത്ത് നിയോഗിതരായ, എല്ലാ ദൈവദൂതന്മാരെയും അംഗീകരിക്കുകയും എല്ലാവരിലും വിശ്വസിക്കുകയും വേണമെന്നാണ് ഇസ്ലാം ആവശ്യപ്പെടുന്നത്. ഇസ്ലാമിന്റെ മുന്നാമത്തെ മൗലിക വിശ്വാസം ഇതാണ്.
മൂന്ന് ബന്ധങ്ങള്‍
ഇസ്ലാം മൂന്ന് ബന്ധങ്ങള്‍ എങ്ങിനെ ആയിരിക്കണം എന്ന് പഠിപ്പിക്കുന്നു
- ദൈവവും മനുഷ്യനും തമ്മില്‍
- മനുഷ്യനും മനുഷ്യനും തമ്മില്‍
- മനുഷ്യനും പ്രപഞ്ചവും തമ്മില്‍
ദൈവം മനുഷ്യന് ഒരുപാട് അനുഗ്രഹങ്ങള്‍ നല്‍കി. വിവരിക്കാനാവാത്ത സൗകര്യങ്ങള്‍ നല്‍കി. ഈ എല്ലാ അനുഗ്രഹങ്ങള്‍ക്കും ഉള്ള നന്ദി പ്രകടനമാണ് ആരാധനാകര്‍മ്മങ്ങള്‍. ഇസ്ലാം അതിപ്രധാനമായ നാല് ആരാധനാകര്‍മ്മങ്ങള്‍ നിര്‍ബന്ധമാക്കിയിരുന്നു.
അതില്‍ ഒന്നാണ് നിസ്ക്കാരം. അത് മനുഷ്യനെ ദൈവവുമായി അടുപ്പിക്കാനുള്ള മാര്‍ഗ്ഗമാണ്. മനുഷ്യന്‍ തന്റെ ദൈവവുമായി നടത്തുന്ന സ്വകാര്യ സംഭാഷണമാണ്. വിശ്വാസികള്‍ നിസ്ക്കരിക്കുമ്പോള്‍ അണിഅണിയായി നില്‍കുന്നു. വൃത്തിയുള്ളവരായിട്ടാണ് മുസ്ലിംകള്‍ നിസ്ക്കാരത്തിലേക്ക് പ്രവേശിക്കുന്നത്. മുസ്ലിംകള്‍ നിസ്ക്കരിക്കുമ്പോള്‍ ഒരേ നേതാവിന്റെ കീഴില്‍ ഒരേ ദിശയിലേക്ക് തിരിഞ്ഞ് അണിയണിയായാണ് നില്‍ക്കുക.
ഇസ്ലാമിന്റെ രണ്ടാമത്തെ ആരാധനാ കര്‍മ്മമാണ് നോമ്പ്. മുസ്ലിംകള്‍ റമസാന്‍ മാസത്തില്‍ മുഴുവന്‍ പ്രഭാതം മുതല്‍ പ്രദോഷം വരെ അന്നപാനീയങ്ങള്‍ ഉപേക്ഷിച്ച് വ്രതമനുഷ്ഠിക്കുന്നു. ഇത് ദൈവത്തിനുള്ള ആരാധനയാണ്. ആത്മനിയന്ത്രണത്തിലൂടെ ശിക്ഷണവും സംസ്കൃതിയും വളര്‍ത്തുന്ന ഉപാസനയാണ്. മോഹങ്ങളെ മെരുക്കി എടുക്കാനും ഇഛകളെ നിയന്ത്രിക്കാനും വികാരവിചാരങ്ങളുടെ മേല്‍ മേധാവിത്വം പുലര്‍ത്താനുള്ള ശക്തമായ പരിശീലനമാണ് നോമ്പ്. പ്രവാചകന്‍ മുഹമ്മദ് നബി(സ) പറഞ്ഞു: “ആരെങ്കിലും വ്യാജവാക്കുകളും വ്യാജ വൃത്തികളും ഉപേക്ഷിക്കുന്നില്ലെങ്കില്‍, അയാള്‍ ആഹാര പാനീയങ്ങള്‍ ഉപേക്ഷിക്കുന്നതു കൊണ്ട് ഒരു പ്രയോജനവുമില്ല.” സഹജീവികളോടുള്ള ബന്ധം മോശമായാല്‍ ദൈവത്തിനുള്ള ആരാധനാകര്‍മ്മം പോലും പഴായിപ്പോകും.
ഇസ്ലാമിന്റെ മൂന്നാമത്തെ ആരാധനാകര്‍മ്മമാണ് സക്കാത്ത്. സമ്പത്ത് തന്റേതല്ലെന്നും ദൈവത്തിന്റേതാണെന്നും, അല്ലാഹു ആജ്ഞാപിക്കും വിധം വിനിയോഗിക്കാനുള്ളതാണെന്നുമുള്ള സത്യം വെളിപ്പെടുത്തുന്ന ആരാധനാ കര്‍മ്മമാണ് സക്കാത്ത്. ഒരോ വിശ്വാസികളും, അവരുടെ സമ്പത്തിന്റെ നിശ്ചിതമായ ഒരംശം നിര്‍ബന്ധമായും ധാനം ചെയ്യണം. ഭൂമിയിലെ കഷ്ടപ്പെടുന്ന ദരിദ്രരായ, പാവങ്ങളായ, അശരണരായ, അഗതികളായ, കടംകൊണ്ട് വലഞ്ഞ മനുഷ്യര്‍ക്കാണ് ആ ധനം നല്‍കേണ്ടത്.
ഇസ്ലാമിന്റെ നാലാമത്തെ ആരാധനാകര്‍മ്മമാണ് ഹജ്ജ്. ഈ ആരാധന സ്വീകാര്യമാകണമെങ്കില്‍ ഹജ്ജ് വേളയില്‍ ഒരിക്കലും തന്റെ സഹജീവിയുമായി ശണ്‌ഠ കൂടുക പോലുമരുത് എന്നല്ല വിവാദങ്ങളില്‍ ഏര്‍പ്പെടാന്‍ പോലും പാടില്ല. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: “ഹജ്ജ് കാലം അറിയപ്പെട്ട മാസങ്ങളാകുന്നു. ആ മാസങ്ങളില്‍ ആരെങ്കിലും ഹജ്ജ് കര്‍മ്മത്തില്‍ പ്രവേശിച്ചാല്‍ പിന്നീട് സ്ത്രീ-പുരുഷ സംസര്‍ഗമോ ദുര്‍വൃത്തിയോ വഴക്കോ ഹജ്ജിനിടയില്‍ പാടുള്ളതല്ല. നിങ്ങള്‍ ഏതൊരു സല്‍പ്രവൃത്തി ചെയ്തിരുന്നാലും അല്ലാഹു അതറിയുന്നതാണ്. (ഹജ്ജിനു പോകുമ്പോള്‍) നിങ്ങള്‍ യാത്രയ്ക്കുവേണ്ട വിഭവങ്ങള്‍ ഒരുക്കിപ്പോകുക. എന്നാല്‍ യാത്രയ്ക്കു വേണ്ട വിഭവങ്ങളില്‍ ഏറ്റവും ഉത്തമമായത് സൂക്ഷ്മതയാകുന്നു. ബുദ്ധിശാലികളേ, നിങ്ങളെന്നെ സൂക്ഷിച്ച് ജീവിക്കുക.”(2:197). ലോകത്തിലെ വ്യത്യസ്ത ഭാഗങ്ങളില്‍ നിന്നും എത്തിച്ചേരുന്ന പല ഭാഷക്കാരും, പല പ്രകൃതക്കാരുമായ ആളുകള്‍ അവിടെ എല്ലാ വേഷവും അഴിച്ചു മാറ്റി ഒരേ വേഷമണിയുന്നു, ഒരേ ഭാഷ സ്വീകരിക്കുന്നു, എല്ലാവരിടേയും ലക്ഷ്യം ഒന്ന്, മുദ്രാവാക്യം ഒന്ന്, മന്ത്രം ഒന്ന്, അനുഷ്ഠാനമൊന്ന്, ആരാധനയൊന്ന്. വര്‍ഗ-വര്‍ണ-ദേശ-ഭാഷാ ഭേദങ്ങള്‍ക്കതീതമായി മനുഷ്യരാഷിയിവിടെ ഒരേകകമായി മാറുകയാണ്. സമത്വത്തിന്റെ എത്ര മധുരമായ കാഴ്ചയാണിത്.
മനുഷ്യരുമായുള്ള ബന്ധം നന്നാക്കാത്ത ഭക്തന്റെ ആരാധനകളൊക്കെയും പാഴ്‌വേലകളാണ് എന്നാണ് ഇസ്‌ലാമിവിടെ പഠിപ്പിക്കുന്നത്. അതോടൊപ്പം ഹജ്ജ് വിശ്വാസികളില്‍ വളര്‍ത്തുന്ന സമത്വവികാരം വിസ്‌മയജന്യമത്രെ.
ലോകത്തിന്റെ വ്യത്യസ്‌ത ഭാഗങ്ങളില്‍ നിന്നും എത്തിച്ചേരുന്ന ഭിന്ന ഭാഷക്കാരും ഭിന്ന പ്രകൃതക്കാരുമായ ആളുകള്‍ അവിടെ എല്ലാ വേഷവും അഴിച്ചുമാറ്റി ഒരേ വേഷമണിയുന്നു; ഒരേ ഭാഷ സ്വീകരിക്കുന്നു; ഒരേ മന്ത്രവും ഒരേ മുദ്രാവാക്യവും ഉരുവിടുന്നു. എല്ലാവരുടെയും ലക്ഷ്യം ഒന്ന്; ഭാഷ ഒന്ന്; മന്ത്രം ഒന്ന്; മുദ്രാവാക്യമൊന്ന്; അനുഷ്‌ഠാനമൊന്ന്; ആരാധനയൊന്ന്. വര്‍ഗ-വര്‍ണ-ദേശ-ഭാഷാഭേദങ്ങള്‍ക്കതീതമായി മനുഷ്യരാശിയിവിടെ ഒരേകകമായി മാറുകയാണ്. സമത്വത്തിന്റെ എത്ര മധുര മനോജ്ഞമായ നിദര്‍ശനമാണ് ഹജ്ജെന്ന് ആലോചിച്ചു നോക്കൂ! അതോടൊപ്പം ഹജ്ജ് മൂന്ന് മഹല്‍ വ്യക്തികളുടെ അവിസ്‌മരണീയമായ ജീവിതാനുഭവങ്ങളുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. ഇബ്‌റാഹീം പ്രവാചകന്‍, അദ്ദേഹത്തിന്റെ പുത്രനായ ഇസ്‌മാഈല്‍ നബി, സഹധര്‍മിണി ഹജറാബീവി. വേണമെങ്കില്‍ നമുക്കു പറയാം ഇബ്‌റാഹീം നബി ഉന്നത കുലജാതനായിരുന്നു; അമേലു വര്‍ഗത്തിലെ അംഗം. എന്നാല്‍ ഹാജറയോ! സമകാലീന സമൂഹത്തിന്റെയും മനുഷ്യസമൂഹത്തിലെ എക്കാലത്തെയും ഭൗതിക മാനദണ്ഡമനുസരിച്ച്, നാല് പോരായ്‌മകളുടെ പ്രതീകമായിരുന്നു ഹാജറ. ഒന്നാമതായി അവര്‍ അടിമയായിരുന്നു. നിങ്ങള്‍ക്കറിയാമല്ലോ അടിമകള്‍ എന്നും എവിടെയും അവഗണിക്കപ്പെടുന്നവരാണ്. ചിരിക്കാനും കരയാനും സ്വാതന്ത്ര്യമില്ലാത്തവര്‍. സ്വന്തമായ തീരുമാനമോ അസ്തിത്വമോ ഇല്ലാത്തവര്‍. യജമാനന്റെ വിരലനക്കങ്ങള്‍ക്കും അധരചലനങ്ങള്‍ക്കുമനുസരിച്ച് ചരിക്കാന്‍ വിധിക്കപ്പെട്ടവര്‍. എക്കാലവും തുല്യതയില്ലാത്ത പീഡനങ്ങളേറ്റു വാങ്ങേണ്ടിവന്ന പ്രസ്തുത വര്‍ഗത്തിന്റെ പ്രതിനിധിയായിരുന്നു അവര്‍.
രണ്ടാമതായി, ഹാജറ കറുത്തവളായിരുന്നു. ആധുനിക നാഗരിക പരിഷ്‌കൃത സമൂഹങ്ങള്‍ പോലും കറുത്തവരെ അവഗണിക്കുകയും അകറ്റി നിര്‍ത്തുകയുമാണല്ലോ ചെയ്യുന്നത്. ഇവ്വിധം ഏവരാലും തഴയപ്പെടുന്ന വിഭാഗത്തിന്റെ പ്രതിനിധി ആയിരുന്നു ഹാജറ. മൂന്നാമതായി, ഹാജറ ഒരു വിദേശി ആയിരുന്നു. വിദേശി എന്ന മൂന്നക്ഷരം പേറുന്ന പ്രതിസന്ധികളെക്കുറിച്ച്, വിശ്വമാകെ ഒരു ഗ്രാമമായി മാറിയ സമകാലിക സമൂഹത്തില്‍ പോലും ആരേയും പറഞ്ഞറിയിക്കേണ്ടതില്ല. നാലാമതായി, ഹാജറ പെണ്ണായിരുന്നു. പെണ്ണ് എപ്പോഴും എവിടെയും പീഡിപ്പിക്കപ്പെടുന്നവളാണ്. സാധാരണ സമൂഹത്തിന്റെ ഭൗതിക മാനദണ്ഡമനുസരിച്ച് ഈ നാല് പോരായ്മകളുടെ പ്രതീകമായ ഹാജറ എന്ന പെണ്ണ്, രണ്ട് പര്‍വ്വതങ്ങളില്‍ കയറി നിന്നു; ദൈവത്തെ ആരാധിക്കാന്‍ വേണ്ടിയല്ല, ഉപാസന നിര്‍വ്വഹിക്കാനുമല്ല, അതേപോലെത്തന്നെ അര്‍ച്ചനകളും പ്രാര്‍ഥനകളും കീര്‍ത്തനങ്ങളും നടത്താനുമല്ല, പിന്നെയോ! ദാഹിച്ചു വലഞ്ഞ കുഞ്ഞിന് വെള്ളം തേടിയായിരുന്നു അവര്‍ രണ്ടു മലകളില്‍ കയറിനിന്നത്. ആ രണ്ടു മലകളും ഹാജറയെന്ന, കറുത്തവളായ വിദേശിയായ അടിമപ്പെണ്ണിന്റെ പാദസ്പര്‍ശം പതിഞ്ഞതിനാല്‍, ദൈവ ചിഹ്നങ്ങളായി മാറി.
“തീര്‍ച്ചയായും സഫയും മര്‍വ്വയും ദൈവചിഹ്നങ്ങളാണ്” (ഖുര്‍ആന്‍ 2: 158). ഹാജറയുടെ പാദസ്പര്‍ശമേറ്റതിനാന്‍ ആ മലകള്‍ നൂറ്റാണ്ടുകളിലൂടെ, സഹസ്രാബ്ദങ്ങളിലൂടെ വരുന്ന പുരുഷാന്തരങ്ങള്‍ ഹജ്ജ് വേളയില്‍ കയറി നില്‍ക്കേണ്ട ഇടങ്ങളായി; അല്ലാഹുവിന്റെ അടയാളങ്ങളായി മാറുകയായിരുന്നു. അന്ന് ഹാജറാബീവിയെന്ന സ്ത്രീ നടന്ന വഴിയിലൂടെ, അവര്‍ നടന്നപോലെ ഹജ്ജ് വേളയില്‍ ഓരോ വിശ്വാസിയും നടന്നു നീങ്ങേണ്ടതുണ്ട്. ഹജ്ജ് നിര്‍വ്വഹിക്കുന്നയാള്‍ പ്രഭുവാകട്ടെ, പ്രമാണിയാകട്ടെ, രാജാവാകട്ടെ, ചക്രവര്‍ത്തിയാകട്ടെ ആരായാലും നാലായിരം വര്‍ഷം മുമ്പ് കറുത്തവളായ ഒരടിമപ്പെണ്ണ് കയറിനിന്നിടത്ത് കയറി നില്‍ക്കുകയും അവര്‍ നടന്ന വഴിയിലൂടെ, അവര്‍ നടന്നതുപോലെ നടക്കുകയും ചെയ്യുമ്പോള്‍ അതവരില്‍ വിനയത്തിന്റെയും സമത്വത്തിന്റെയും വികാരങ്ങള്‍ വളര്‍ത്താതിരിക്കില്ല. ഇങ്ങനെ ആരാധനാ കര്‍മ്മങ്ങള്‍ സാമൂഹികമായ അവബോധം വളര്‍ത്തുന്നതോടൊപ്പം സമത്വബോധം സജീവമാക്കുന്നു. സ്രഷ്‌ടാവായ ദൈവമുമായി മനുഷ്യനെ അടുപ്പിക്കുന്നു. മണ്ണില്‍ കാലൂന്നിയ മനുഷ്യനെ മണ്ണിന്റെയും വിണ്ണിന്റെയും നാഥനുമായി ബന്ധിപ്പിക്കുന്നു. ദൈവത്തിന്റെ സന്നിധാനത്തിലേക്ക് ആത്മാവിന് തീര്‍ത്ഥയാത്ര നടത്താനുള്ള അസുലഭമായ അവസരങ്ങള്‍ ഒരുക്കുന്നു. അതോടൊപ്പം അവ മനുഷ്യനെ വളരെയേറെ വിനീതനാക്കുന്നു. നമസ്കാരം എന്ന അതിശ്രേഷ്‌ഠമായ ആരാധനാകര്‍മ്മത്തില്‍ മനുഷ്യന്‍ ഏറ്റവും കൂടുതല്‍ ഉച്ചരിക്കുന്ന പദം ‘അല്ലാഹു അക്ബര്‍’ എന്നാണല്ലോ. അതിന്റെ അര്‍ത്ഥം അറിയാത്തതിനാല്‍ പലരും അതേക്കുറിച്ച് തികഞ്ഞ തെറ്റിദ്ധാരണയിലാണ്. അല്ലാഹുവാണ് ഏറ്റവും വലിയവന്‍ എന്നാണ് അതിന്റെ അര്‍ത്ഥം. അഥവാ, ഞാന്‍ ചെറിയവനാണ്. നിസ്സാരനാണ്. എന്റെ താല്‍പര്യങ്ങളും ആഗ്രഹാഭിലാഷങ്ങളും ദൈവത്തിന്റെയും അവന്റെ ശാസനകളുടെയും മുമ്പില്‍ അവഗണിക്കപ്പെടാവുന്നവയാണ്. പ്രപഞ്ചവും അതിലെ സമസ്ത വസ്തുക്കളും ചെറുതും നിസ്സാരവുമാണെന്നും വലിയവനും മഹാനും ദൈവം മാത്രമാണെന്നും ഞാനിതാ എന്നെ അവനുമായി ബന്ധിപ്പിക്കുന്നുവെന്നും ദിനേന അഞ്ചുതവണ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പ്രഖ്യാപിക്കുകയാണല്ലോ വിശ്വാസി ചെയ്യുന്നത്.
ലോകത്തിലെ എല്ലാ കുഴപ്പങ്ങള്‍ക്കും അടിസ്ഥാന കാരണം അഹങ്കാരമാണല്ലോ.ഞാനാണ് വലിയവന്‍, കാര്യം തീരുമാനിക്കേണ്ടത് ഞാനാണ് – ഈ ചിന്തയാണ് ആദിപാപം തൊട്ട് കുറ്റങ്ങളുടെയും കുഴപ്പങ്ങളുടെയും അടിസ്ഥാന കാരണമെന്നത് സുവിദിതമത്രെ. വിശ്വാസി ഒരു ദിവസം നന്നെച്ചുരുങ്ങിയത് 94 പ്രാവശ്യമെങ്കിലും അല്ലാഹു അക്ബര്‍ എന്ന് നമസ്കാരവേളയില്‍ പറയേണ്ടതുണ്ട്. അങ്ങനെ പറയുന്നതിലൂടെ അവന്‍ ഏറെ വിനീതനായി മാറുന്നു. അഥവാ അങ്ങനെ മാറേണ്ടതുണ്ട്.
ഒരു കാര്യംകൂടി ഇവിടെ വിശദീകരിക്കേണ്ടിയിരിക്കുന്നു. മനുഷ്യനുമായുള്ള ബന്ധം മോശമായാല്‍ എല്ലാ ആരാധനാകര്‍മ്മങ്ങളും പാഴ്വേലയായി പരിണമിക്കും. ഒരിക്കല്‍ പ്രവാചകന്‍ തിരുമേനി തന്റെ അനുചരന്മാരോട് ചോദിച്ചു:
“പാപ്പരായവര്‍ ആരെന്ന് നിങ്ങള്‍ക്കറിയാമോ?” അവര്‍ പറഞ്ഞു: “ഞങ്ങള്‍ക്കിടയിലെ പാപ്പര്‍ ദിര്‍ഹമും ദീനാറും ജീവിതവിഭവവുമില്ലാത്തവരാണ്.” അപ്പോള്‍ അവിടന്ന് അറിയിച്ചു: “എന്റെ സമുദായത്തിലെ പാപ്പര്‍ അന്ത്യദിനത്തില്‍ താന്‍ നിര്‍വ്വഹിച്ച നമസ്കാരവും നോമ്പും സകാത്തുമായി വരുന്നവനാണ്. പക്ഷേ, അയാള്‍ ഒരാളെ ചീത്ത പറഞ്ഞിരിക്കുന്നു. മറ്റൊരാള്‍ക്കെതിരെ അപവാദം പ്രചരിപ്പിക്കുന്നു. വേറൊരാളുടെ ധനം ആഹരിച്ചിരിക്കുന്നു. ഇനിയുമൊരുത്തന്റെ രക്തം ചിന്തിയിരിക്കുന്നു. വേറൊരുത്തനെ അടിച്ചിരിക്കുന്നു. അതിനാല്‍ അയാളുടെ നന്മകള്‍ അവര്‍ക്ക് നല്‍കപ്പെടുന്നു. പക്ഷേ, ബാധ്യതകള്‍ കൊടുത്തു തീരുംമുമ്പേ അയാളുടെ നന്മകള്‍ തീര്‍ന്നുപോകുന്നു. അപ്പോള്‍ അവരുടെ പാപങ്ങള്‍ അയാള്‍ക്ക് നല്‍കപ്പെടും. അങ്ങനെ അയാള്‍ നരകത്തിലെറിയപ്പെടുന്നു.” (മുസ്‌ലിം)
വിശദീകരണമാവശ്യമില്ലാത്ത വിധം വ്യക്തമാണിതിന്റെ ആശയം. ആരാധനകളുടെ സദ്ഫലങ്ങള്‍ പോലും സഹജീവികളോട് അന്യായം ചെയ്യുന്നവര്‍ക്ക് ആസ്വദിക്കാന്‍ സാധിക്കുന്നില്ല. മാത്രമല്ല, തങ്ങളാല്‍ ദ്രോഹിക്കപ്പെടുന്നവരുടെ പാപങ്ങള്‍ അവര്‍ ചുമക്കേണ്ടി വരികയും ചെയ്യും. ദൈവിക മതം മനുഷ്യന്നും മാനുഷിക ബന്ധങ്ങള്‍ക്കും കല്‌പിക്കുന്ന സ്ഥാനമാണിത് വ്യക്തമാക്കുന്നത്. അത് മനുഷ്യനെ അത്യധികം ആദരിച്ചിരിക്കുന്നു. ഇസ്‌ലാമിലെ ഏറ്റവും ശ്രേഷ്‌ഠമായ ആരാധനാകര്‍മ്മമായ നമസ്കാരം പതിനായിരക്കണക്കിന് ആളുകള്‍ക്ക് നേതൃത്വം നല്‍കി നിര്‍വ്വഹിക്കുമ്പോള്‍ ഒരു കൊച്ചു കുട്ടിയുടെ നിലക്കാത്ത കരച്ചില്‍ കേട്ടാല്‍ നമസ്കാരം ദീര്‍ഘിപ്പിക്കാതെ ലഘൂകരിക്കണമെന്ന് പ്രവാചകന്‍ പഠിപ്പിക്കുന്നു. ആ കുഞ്ഞ് കരഞ്ഞ് കരഞ്ഞ് മരിക്കുമോയെന്ന ആശങ്കയല്ല അതിനു പറഞ്ഞ കാരണം. പിന്നെയോ, ആ കരയുന്ന കുഞ്ഞിന്റെ മാതാവിന്റെ മനസ്സ് വേദനിക്കുമെന്നതാണ്. ഒരു മാതൃഹൃദയത്തിന്റെ വേദനക്ക് മതം നല്‍കിയ പരിഗണനയാണിത് വ്യക്തമാക്കുന്നത്.
മരണാനന്തരം മറുലോകത്ത് മനുഷ്യനെ വിചാരണക്കു വിധേയമാക്കുമ്പോള്‍ ദൈവം മനുഷ്യന്റെ സ്ഥാനത്ത് തന്നെ നിര്‍ത്തി മനുഷ്യനോടു ചെയ്ത അനീതി തന്നോടുള്ളതായി പരിഗണിക്കുമെന്ന് മതം പഠിപ്പിക്കുന്നു. അന്ന് അല്ലാഹു പറയും: “ഹേ മനുഷ്യാ, ഞാന്‍ രോഗിയായപ്പോള്‍ നീയെന്നെ സന്ദര്‍ശിച്ചില്ല. അപ്പോള്‍ മനുഷ്യര്‍ ചോദിക്കും: എന്റെ നാഥാ ഞാന്‍ നിന്നെ സന്ദര്‍ശിക്കുകയോ? അന്നേരം അല്ലാഹു പറയും: എന്റെ ഇന്ന അടിമ രോഗിയായത് നീ അറിഞ്ഞില്ലേ? എന്നിട്ട് നീ അവനെ സന്ദര്‍ശിച്ചില്ല. അവനെ സന്ദര്‍ശിച്ചിരുന്നുവെങ്കില്‍ അവന്റെ അടുത്ത് എന്നെ നീ കാണുമായിരുന്നുവെന്ന് നിനക്ക് അറിഞ്ഞുകൂടെ? ഹേ മനുഷ്യാ, നിന്നോട് ഞാന്‍ ഭക്ഷണം ആവശ്യപ്പെട്ടു. പക്ഷേ, നീ എനിക്ക് ഭക്ഷണം തന്നില്ല. മനുഷ്യന്‍ പറയും: എന്റെ നാഥാ, നീ ലോക രക്ഷിതാവല്ലേ? ഞാന്‍ നിനക്കെങ്ങനെ ആഹാരം നല്കും? അല്ലാഹു പറയും: എന്റെ ഇന്ന അടിമ നിന്നോട് ആഹാരം ആവശ്യപ്പെട്ടത് നിനക്കറിയില്ലേ?എന്നിട്ട് നീ അവന് ആഹാരം കൊടുത്തില്ല. നീ അവന് ആഹാരം നല്കിയിരുന്നുവെങ്കില്‍ അത് എന്റെ അടുത്ത് കാണുമായിരുന്നുവെന്ന് നിനക്കറിഞ്ഞുകൂടെ? മനുഷ്യാ. ഞാന്‍ നിന്നോട് കുടിനീര് ആവശ്യപ്പെട്ടു. നീ എനിക്ക് വെള്ളം തന്നില്ല. മനുഷ്യന്‍ പറയും: എന്റെ നാഥാ, നീ സര്‍വ്വലോക രക്ഷിതാവ്. ഞാന്‍ എങ്ങിനെ നിനക്ക് വെള്ളം തരും? അല്ലാഹു പറയും: എന്റെ ഇന്ന അടിമ നിന്നോട് വെള്ളം ചോദിച്ചു. നീ അവന് കൊടുത്തില്ല. നിനക്കറിഞ്ഞുകൂടേ, നീ കൊടുത്തിരുന്നുവെങ്കില്‍ അത് എന്റെ അടുത്ത് കാണുമായിരുന്നുവെന്ന്?” (ബുഖാരി)
മാതാപിതാക്കള്‍, മക്കള്‍, ഭാര്യാ ഭര്‍ത്താക്കന്മാര്‍, അയല്‍ക്കാര്‍, അഗതികള്‍, അനാഥര്‍, ഭരണാധികാരികള്‍, ഭരണീയര്‍ തുടങ്ങി സമൂഹത്തിന്റെ എല്ലാ തലങ്ങളിലുമുള്ളവരോടും ബന്ധപ്പെടേണ്ടത് എവ്വിധമാണെന്ന് മതം വ്യക്തമായി പഠിപ്പിക്കുന്നുണ്ട്.
പ്രായാധിക്യത്തിന്റെ പാരവശ്യത്താല്‍ പ്രയാസപ്പെടുന്ന മാതാപിതാക്കള്‍ക്ക് അലോസരമുണ്ടാക്കുന്ന ഒരക്ഷരംപോലും ഉരിയാടരുതെന്ന് മതമനുശാസിക്കുന്നു. “നിന്റെ നാഥന്‍ വിധിച്ചിരിക്കുന്നു; നിങ്ങള്‍ അവനു മത്രമല്ലാതെ മറ്റാരെയും ആരാധിക്കുകയോ അടിപ്പെടുകയോ അരുത്. മാതാപിതാക്കളോട് നല്ല നിലയില്‍ വര്‍ത്തിക്കണം. അവരിലൊരാളോ രണ്ടുപേരുമോ വാര്‍ധക്യ ബാധിതരായി നിന്നോടൊപ്പമുണ്ടായാല്‍ അവരോട് ‘ഛെ’ എന്നു പോലും പറയരുത്. പരുഷമായി സംസാരിക്കരുത്. മറിച്ച് ആദരവോടെ സംസാരിക്കുക, കനിവോടും കാരുണ്യത്തോടും കൂടെ വിനീതരായി വര്‍ത്തിക്കുക, ഇങ്ങനെ പ്രാര്‍ത്ഥിക്കുകയും ചെയ്യുക: “നാഥാ! എന്റെ കുട്ടിക്കാലത്ത് അവരെന്നെ എവ്വിധം സ്‌നേഹവാത്സല്യങ്ങളോടെ പരിചരിച്ചുവോ അവ്വിധം നീ അവര്‍ക്ക് കാരുണ്യമരുളേണമേ.” (ഖുര്‍ആന്‍ 17: 23,24)
മാതാപിതാക്കളുടെ പ്രീതി നേടുന്നവര്‍ക്കേ ദൈവപ്രീതി ലഭിക്കുകയുള്ളൂവെന്നും അവരുടെ കോപം ദൈവകോപത്തിന് കാരണമാകുമെന്നും ഇസ്‌ലാം കണിശമായി പഠിപ്പിക്കുന്നു. ദമ്പതികള്‍ക്കിടയിലെ സമീപനവും പെരുമാറ്റവും എവ്വിധമായിരിക്കണമെന്നും അത് വ്യക്തമാക്കുന്നുണ്ട്. അയല്‍ക്കാരെയും അതിഥികളെയും ആദരിക്കാത്തവര്‍ വിശ്വാസികളല്ലെന്ന് വിളംബരം ചെയ്യുന്ന ഇസ്‌ലാം അവരോടുള്ള ബാധ്യതകള്‍ വിശദമായി വിവരിച്ചിരിക്കുന്നു.
അടിയാളരെ മോചിപ്പിക്കല്‍, അവശര്‍ക്ക് ആശ്വാസമേകല്‍, അശരണര്‍ക്ക് അഭയം നല്‍കല്‍, അനാഥരെ ആദരിക്കല്‍, അഗതികള്‍ക്കുള്ള അന്നദാനം, കഷ്‌ടപ്പെടുന്നവരെ സഹായിക്കല്‍, മര്‍ദിതരെ രക്ഷിക്കല്‍ ഇവയൊക്കെ ഇസ്‌ലാമിക വീക്ഷണത്തില്‍ വിശ്വാസിയുടെ നിര്‍ബന്ധ ബാധ്യതകളാണ്; ആരാധനാകര്‍മ്മങ്ങളെപ്പോലെത്തന്നെ അതിവിശിഷ്‌ടമായ കൃത്യങ്ങളാണ്.
അല്ലാഹു അറിയിക്കുന്നു: “മതത്തെ നിഷേധിക്കുന്നവന്‍ ആരെന്ന് നിനക്കറിയാമോ? അവന്‍ അനാഥയെ ആട്ടിയകറ്റുന്നവനും അഗതിക്ക് ആഹാരം കൊടുക്കാന്‍ പ്രേരിപ്പിക്കാത്തവനുമാണ്. ആ നമസ്കാരക്കാര്‍ക്ക് നാശം! അവര്‍ തങ്ങളുടെ നമസ്കാരത്തെ സംബന്ധിച്ച് അശ്രദ്ധരാണ്. അവര്‍ ആളുകളെ കാണിക്കുകയാണ്. നിസ്സാരമായ ഉപകാരങ്ങള്‍ പോലും വിലക്കുകയും ചെയ്യുന്നു.” (ഖുര്‍ആന്‍ 107:17)
സാധാരണഗതിയില്‍ മതനിഷേധി എന്നു പറഞ്ഞാല്‍, ദൈവത്തെ നിഷേധിക്കുന്നവനാണ്, മതത്തെ ചോദ്യം ചെയ്യുന്നവനാണ്.എന്നാല്‍ ഇവിടെ ഒരു പാഠഭേദമുണ്ട്. ഇത് മതത്തെക്കുറിച്ച ഒരു പുനര്‍ വായനയാണ്. വിശുദ്ധ വേദഗ്രന്ഥം പറയുന്നു: അവന്‍ അനാഥയെ അവഗണിക്കുന്നവനാണ്, അഗതിക്ക് അവന്റെ ആഹാരം നല്‍കാന്‍ പ്രേരിപ്പിക്കാത്തവനാണ്. അവന്‍ നമസ്കരിക്കാത്തവനല്ല, നമസ്കരിക്കും, പക്ഷേ നമസ്കാരത്തില്‍ അശ്രദ്ധനാണ്. ആളുകളെ കാണിക്കാന്‍ വേണ്ടി അങ്ങനെ ചെയ്യുന്നവനാണ്. അതിനാല്‍ ആ നമസ്കാരത്തിന് ഒരു പ്രതിഫലവുമില്ല. ഫലമോ, കൊച്ചു കൊച്ചു ഉപകാരങ്ങള്‍ തടയുന്നത് ഒഴിവാക്കാന്‍ പോലും അത് പ്രേരകമാകുന്നില്ല. ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധം ദൃഢവും സുശക്തവും ഭദ്രവും നീതിയുക്തവുമാവുന്നതുപോലെത്തന്നെ മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധം സ്‌നേഹ – കാരുണ്യ – വാത്സല്യ – ഗുണകാംക്ഷാ വികാരത്തിലധിഷ്‌ഠിതവും സുദൃഢവുമാവണമെന്നാണ് ഇസ്‌ലാമിവിടെ പഠിപ്പിക്കുന്നത്.
അവ്വിധം തന്നെയാണ് മനുഷ്യനും പ്രപഞ്ചവും തമ്മിലുള്ള ബന്ധവും. ഒരു പൂച്ചയെ കെട്ടിയിട്ട് പട്ടിണിക്കിട്ടതിന്റെ പേരില്‍ ഒരു പെണ്ണ് നരകപ്രവേശത്തിനു കാരണമായി എന്നും ദാഹിച്ചു വലഞ്ഞ ഒരു പട്ടിക്ക് വെള്ളം കൊടുത്തതിന്റെ പേരില്‍ പാപിയായ പെണ്ണ് സ്വര്‍ഗസ്ഥയായി എന്നും പ്രവാചകന്‍ തിരുമേനി പറയുകയുണ്ടായി. ഇത് മറ്റൊരു കാര്യമാണ് നമ്മെ പഠിപ്പിക്കുന്നത്. ഈ പ്രപഞ്ചത്തിലെ സമസ്ത സൃഷ്ടികളോടും ഉദാരപരമായ സമീപനമാണ് സ്വീകരിക്കേണ്ടത്. അനാവശ്യമായി അവയെയൊന്നും ദ്രോഹിക്കാവതല്ല. അകാരണമായി മരത്തെ കല്ലെറിയാന്‍ പോലും മതമനുവദിക്കുന്നില്ല.
ഇങ്ങനെ മൂന്നു ബന്ധങ്ങളെ കണിശമായി വിശകലനം ചെയ്ത് അവ യഥാവിധി പാലിക്കണമെന്ന് അനുശാസിക്കുന്ന ഇസ്‌ലാം, ഒരു സമ്പൂര്‍ണ ജീവിത വ്യവസ്ഥയാണ്. മാനവ ജീവിതത്തിന്റെ മുഴു മേഖലകളിലേക്കും ആവശ്യമായ ഉപദേശ നിര്‍ദ്ദേശങ്ങളും നിയമക്രമങ്ങളും ധാര്‍മ്മികാധ്യാപനങ്ങളും അത് നല്‍കിയിട്ടുണ്ട്. എത്രത്തോളമെന്നാല്‍, മനുഷ്യന്‍ തന്റെ കൂട്ടുകാരനെ കണ്ടുമുട്ടുമ്പോള്‍ അവന്റെ മുഖം എവ്വിധമാവണമെന്ന് കൂടി പ്രവാചകന്‍ പറയുകയുണ്ടായി.
ഒരാള്‍ തന്റെ കൂട്ടുകാരന്റെ മുഖത്ത് നോക്കി മന്ദഹസിക്കുന്നതുപോലും ധര്‍മമാണ്. പുണ്യകര്‍മമാണ്. ജനങ്ങള്‍ പരസ്പരം കണ്ടുമുട്ടുമ്പോള്‍ അഭിവാദ്യം ചെയ്യേണ്ടത് എങ്ങിനെയാണെന്ന് മതം പഠിപ്പിച്ചു. നമുക്കറിയാം, ലോകത്തിലേറ്റവും പരിഷ്കൃത സമൂഹമായി ഗണിക്കപ്പെടാറുള്ള പാശ്ചാത്യര്‍ പരസ്പരം കണ്ടുമുട്ടുമ്പോള്‍ പ്രഭാതത്തില്‍ ‘ഗുഡ്മോര്‍ണിംഗ് ‘ എന്നും സായാഹ്നത്തില്‍ ‘ഗുഡ് ഈവനിംഗ് ‘ എന്നുമാണല്ലോ പറയാറുള്ളത്. എന്നാല്‍, ഒരു നിമിഷം നിങ്ങളൊന്ന് ഓര്‍ത്തു നോക്കൂ! രാത്രി വയറുവേദന അനുഭവിച്ചു, ആഹാരം കഴിക്കാന്‍ കഴിഞ്ഞില്ല, ഉറങ്ങാനും കഴിഞ്ഞില്ല. പ്രഭാതത്തില്‍ പുറത്തിറങ്ങുന്ന മനുഷ്യനോട് ഗുഡ്മോര്‍ണിംഗ് എന്നു പറഞ്ഞാല്‍ അതെത്രമാത്രം നിരര്‍ഥകവും അനുചിതവുമായിരിക്കും. അവ്വിധം തന്നെയല്ലേ, മരിച്ചു കിടക്കുന്ന പിതാവിന്റെ അരികിലിരിക്കുന്ന മകനോട് ഗുഡ് ഈവനിംഗ് എന്നു പറഞ്ഞാല്‍? അതയാള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുമോ? അതെസമയം ലോകത്ത് ഏതു മനുഷ്യനും സന്തോഷത്തോടെ സ്വീകരിക്കാന്‍ കഴിയുന്ന അഭിവാദ്യരൂപമാണ് ഇസ്‌ലാം നിശ്ചയിച്ചത്; ‘അസ്സലാമു അലൈക്കും’ – ‘നിങ്ങള്‍ക്ക് ദൈവത്തിന്റെ രക്ഷയുണ്ടാവട്ടെ, നന്മയുണ്ടാവട്ടെ എന്നണതിന്റെ അര്‍ത്ഥം. പ്രത്യുത്തരവും അവ്വിധം തന്നെ. ജീവിതത്തിന്റെ എല്ലാ വശങ്ങളിലേക്കും ആവശ്യമായ നിയമം ഇസ്‌ലാം നല്‍കിയിട്ടുണ്ട്. നടക്കുന്നത് എങ്ങിനെയാവണമെന്ന് പോലും അത് പഠിപ്പിക്കുകയുണ്ടായി. വിശുദ്ധ ഖുര്‍ആനില്‍ നിരവധി സ്ഥലങ്ങളില്‍, നടത്തം വിനയത്തോട്കൂടിയായിരിക്കണം, അഹങ്കാരത്തോടെയോ പൊങ്ങച്ചത്തോടെയോ ആവരുതെന്ന് അനുശാസിച്ചിരിക്കുന്നു. കിടക്കുന്നതെങ്ങനെ? ഭക്ഷണം കഴിക്കുന്നതെങ്ങനെ? ഉറങ്ങുന്നതെങ്ങനെ? ഉണരുന്നതെങ്ങനെ? അയല്‍ക്കാരനോടുള്ള പെരുമാറ്റമെങ്ങനെ? സമൂഹത്തോടുള്ള സമീപനമെങ്ങനെ? ഭരണാധികാരിയോടുള്ള ബന്ധമെവ്വിധം? ഭരണീയരോടുണ്ടാവേണ്ട നിലപാട് എന്ത്? ഇസ്‌ലാം എല്ലാം വളരെ വിശദമായി പഠിപ്പിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ അതൊരു സമ്പൂര്‍ണമായ ജീവിത വ്യവസ്ഥയാണ്. മനുഷ്യന്റെ എല്ലാ വിചാരങ്ങളും വികാരങ്ങളും ചലനങ്ങളും കര്‍മങ്ങളും ദൈവിക നിയമങ്ങള്‍ക്കനുസൃതമായി മാറ്റിത്തീര്‍ക്കണമെന്നാണ് അത് നമ്മോട് ആവശ്യപ്പെടുന്നത്. അതിന്നനുസൃതമായി ജീവിക്കുന്നവര്‍ക്കാണ് മുസ്‌ലിം എന്നു പറയുക.
ഇപ്രകാരം തന്നെ, ഇസ്‌ലാം വളരെയേറെ ഊന്നിപ്പറയുന്ന ഒന്നാണ് മാനവരാശിയുടെ ഏകത്വവും സമത്വവും. ലോകത്തെങ്ങാനുമുള്ള മുഴുവന്‍ മനുഷ്യരും ഒരേ ദൈവത്തിന്റെ സൃഷ്ടികളാണ്. വര്‍ഗ-വര്‍ണ-ദേശ-ഭാഷാ-കാല-ലിംഗഭേദങ്ങള്‍ക്കതീതമായി അവരെല്ലാം സമന്മാരും പരസ്പരം സഹോദരങ്ങളുമാണ്. ഒരേ മാതാപിതാക്കളുടെ മക്കളാണ്. അല്ലാഹു അറിയിക്കുന്നു: “മനുഷ്യരേ, ഒരാണില്‍ നിന്നും പെണ്ണില്‍ നിന്നുമാണ് നാം നിങ്ങളെ സൃഷ്ടിച്ചിട്ടുള്ളത്. പിന്നെ, നിങ്ങളെ സമുദായങ്ങളും ഗോത്രങ്ങളുമാക്കി, നിങ്ങള്‍ പരസ്പരം തിരിച്ചറിയാന്‍. അല്ലാഹുവിങ്കല്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ഭക്തിയുള്ളവനത്രെ” (ഖുര്‍ആന്‍ 49: 13). അന്ത്യപ്രവാചകനായ മുഹമ്മദ് നബി തിരുമേനി പറയുന്നു: “നിങ്ങളുടെയെല്ലാം ദൈവമൊന്നാണ്. നിങ്ങളുടെയെല്ലാവരുടെയും പിതാവും ഒരാള്‍ തന്നെ. എല്ലാവരും ആദമില്‍ നിന്ന്; ആദമോ മണ്ണില്‍ നിന്നും.”
ചീര്‍പ്പിന്റെ പല്ലുകള്‍പോലെ മനുഷ്യരൊക്കെ സമന്മാരാണ്, തുല്യരാണ് എന്ന് പ്രവാചകന്‍ പഠിപ്പിക്കുന്നു. ഈ തുല്യത പ്രഖ്യാപനങ്ങളില്‍ മാത്രമൊതുക്കി നിര്‍ത്താതെ പ്രവാചകന്‍ പ്രയോഗകതലത്തില്‍ നടപ്പില്‍ വരുത്തുകയുണ്ടായി. നബിതിരുമേനി തന്റെ സമൂഹത്തില്‍ പ്രവാചകനായി നിയോഗിതനായപ്പോള്‍ അവിടെ സാമൂഹികമായ ഉച്ചനീചത്വം രൂക്ഷമായി നിലനിന്നിരുന്നു. അടിമകളും ഉടമകളും ഉണ്ടായിരുന്നു. യജമാനന്മാരും കീഴാളന്മാരും ഉണ്ടായിരുന്നു. വരേണ്യവര്‍ഗക്കാരും കീഴ്ജാതിക്കാരും ഉണ്ടായിരുന്നു. ഇസ്‌ലാം അവരോട് പറഞ്ഞു: “നിങ്ങളൊക്കെ സമന്മാരാണ്.” ആദ്യം അതവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ പ്രയാസമായിരുന്നു. ഒരിക്കല്‍ പ്രവാചകന്റെ അരുമശിഷ്യരായ അബൂദര്‍റില്‍ ഗിഫാരിയും കറുത്ത അടിമയായിരുന്ന ബിലാലുബ്നു റബാഹും ശണ്‌ഠ കൂടി. വഴക്ക് രൂക്ഷമായപ്പോള്‍ അബൂദര്‍റില്‍ ഗിഫാരി തന്റെ കൂട്ടുകാരനെ ‘കറുത്തവളുടെ പുത്രാ’ എന്ന് വിളിക്കാനിടയായി. ഉടനെ ബിലാല്‍ പ്രവാചകന്റെ സന്നിധിയിലെത്തി അദ്ദേഹത്തോട് പരാതി പറഞ്ഞു. പ്രവാചകന്‍ അബൂദര്‍റില്‍ ഗിഫാരിയെ വിളിച്ചുവരുത്തി ചോദിച്ചു: “അല്ല; നീ നിന്റെ കൂട്ടുകാരനെ അവന്റെ മാതാവിന്റെ പേരില്‍ ആക്ഷേപിച്ചുവോ?” ‘അതെ’ എന്നു പറഞ്ഞപ്പോള്‍, പ്രവാചകന്‍ പറഞ്ഞു: “എങ്കില്‍ താങ്കളില്‍ ഇസ്‌ലാം പൂര്‍ണമായിട്ടില്ല; ഇപ്പോഴും താങ്കളില്‍ അനിസ്‌ലാമികതയുണ്ട്. അതിനാല്‍ താങ്കള്‍ പശ്ചാത്തപിക്കണം.” ഇതുകേട്ട് പശ്ചാത്താപവിവശനായ കുലീന ഗോത്രക്കാരനായ പ്രവാചക ശിഷ്യന്‍ അബൂദര്‍റ് ബിലാലിനെ സമീപിച്ച് തന്റെ മുഖം നിലത്തുവച്ച് കൊണ്ട് പറഞ്ഞു: “ബിലാലേ, നിന്നോട് ഞാന്‍ ചെയ്ത അപരാധത്തിന് എന്റെ കവിളില്‍ ചവിട്ടി പ്രതിക്രിയ ചെയ്യൂ.” ഇതുകേട്ട ബിലാല്‍ പറഞ്ഞു: “ഞാന്‍ താങ്കള്‍ക്ക് മാപ്പ് നല്‍കിയിരിക്കുന്നു.” ഇത് ആ സമൂഹത്തില്‍ പ്രവാചകന്‍ വളര്‍ത്തിയെടുത്ത സമത്വ വികാരത്തിന്റെ പ്രതിഫലനമായിരുന്നുവെന്നത് സുവിദിതമത്രെ. ഈ സമത്വ ചിന്തക്ക് വിരുദ്ധമായ നേരിയ നിലപാട് പോലും ആരില്‍നിന്നും ഉണ്ടാവരുതെന്ന് ഇസ്‌ലാമിന് നിഷ്കര്‍ഷയുണ്ട്. വിശുദ്ധ വേദഗ്രന്ഥമായ ഖുര്‍ആനില്‍ മുഹമ്മദ് നബി ഒരിക്കല്‍ മാത്രമേ നിശിതമായി വിമര്‍ശിക്കപ്പെട്ടിട്ടുള്ളൂ. അത് പ്രവചകന്റെ ആരാധനാകര്‍മങ്ങളില്‍ വീഴ്‌ച വന്നതുകൊണ്ടല്ല, ദൈവവുമായുള്ള ബന്ധത്തില്‍ പാളിച്ചകള്‍ പറ്റിയതിന്റെ പേരിലുമല്ല. മറിച്ച്, തന്റെ ഒരു അനുയായിയോടുണ്ടായ സമീപനം വേണ്ടത്ര നല്ല നിലയിലാവാത്തതിന്റെ പേരിലായിരുന്നു. പ്രവാചകന്‍ ആ സമൂഹത്തിലെ പ്രമുഖന്മാരുമായി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. അബൂജഹല്‍, അബൂലഹബ്, ഉത്ബത്, ശൈബത്, അങ്ങനെ മക്കയിലെ ഖുറൈശീ സമൂഹത്തിലെ നേതാക്കളായ മുഴുവന്‍ ആളുകളും പ്രവാചകന്റെ മുമ്പില്‍ ഒത്തുകൂടിയിരുന്നു. ദൈവിക സന്മാര്‍ഗത്തെ സംബന്ധിച്ചായിരുന്നു സംഭാഷണം. അപ്പോള്‍ അന്ധനായ ഒരാള്‍ കടന്നുവന്നു. അബ്ദുല്ലാഹിബ്നു ഉമ്മി മക്തൂം. അദ്ദേഹം ജന്മനാ കണ്ണു കാണാത്തവനാണ്. പ്രവാചകന്‍ അദ്ദേഹത്തെ വേണ്ടത്ര പരിഗണിച്ചില്ല. കാരണം, ആ സമൂഹത്തിലെ ഏറ്റവും പ്രമുഖന്മാരുമായി സംസാരിച്ചു കൊണ്ടിരുന്ന, തിരക്കുപിടിച്ച സന്ദര്‍ഭമായിരുന്നു അത്. അതിനാല്‍, അദ്ദേഹത്തെ ശ്രദ്ധിക്കാനോ പ്രത്യേകം പരിഗണിക്കാനോ സാധിച്ചില്ല. ഈ സംഭവം അന്ധനായ മനുഷ്യന്‍ അറിഞ്ഞോ? ഒരിക്കലും അറിഞ്ഞില്ല. കാരണം, അയാള്‍ ജന്മനാ കുരുടനാണ്. പ്രവാചകന്റെ മുഖഭാവം കാണാന്‍ അയാള്‍ക്ക് കണ്ണുകളില്ല. അവിടന്ന് തന്നെ ശ്രദ്ധിച്ചോ ഇല്ലയോ എന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നുമില്ല. എന്നിട്ടും ദൈവത്തിന് തന്റെ ദൂതന്റെ സമീപനം അംഗീകരിക്കുക സാധ്യമായിരുന്നില്ല. കണ്ണുകാണാത്ത ആ മനുഷ്യന്‍ -അബ്ദുല്ലാഹിബ്നു ഉമ്മിമഖ്തൂം അത് മനസ്സിലാക്കിയോ ഇല്ലയോ എന്നതല്ല ദൈവത്തിന് പ്രശ്‌നം. മറിച്ച്, തന്റെ അന്ത്യദൂതനായ മുഹമ്മദ് നബി, തന്റെ ഒരു അടിമയെ അവഗണിച്ചോ ഇല്ലയോ എന്നതായിരുന്നു. അതിനാല്‍ വിശുദ്ധ വേദഗ്രന്ഥത്തില്‍ ഒട്ടേറെ വാക്യങ്ങള്‍ അവതീര്‍ണമായി. അവയിലൂടെ പ്രവാചകന്റെ നിലപാടിനെ നിശിതമായി നിരൂപണം ചെയ്തു. പിന്നിട് ആരും അത്തരം സമീപനം സ്വീകരിക്കരുതെന്ന് പ്രത്യേകം ഉണര്‍ത്തുകയും ചെയ്തു.
മനുഷ്യന്‍ മനുഷ്യനോട് മോശമായി പെരുമാറിയാല്‍ ദൈവത്തിന് അത് ഒരിക്കലും സഹിക്കാനോ പൊറുക്കാനോ സധ്യമല്ല എന്നര്‍ത്ഥം. സമത്വത്തിന്റെ ഉജ്ജ്വല വികാരങ്ങള്‍ വിശ്വാസിയില്‍ സദാ ഉണ്ടാക്കണമെന്നും ജീവിതത്തിലുടനീളം അതിന്റെ പ്രതിഫലനങ്ങള്‍ പ്രകടമാവണമെന്നും കണിശമായി പഠിപ്പിക്കുകയായിരുന്നു വിശുദ്ധ ഖുര്‍ആന്‍. ഒരുകാര്യംകൂടി ഇവിടെ സൂചിപ്പിക്കട്ടെ, ലോകത്തില്‍ ഏറ്റവും ശ്രദ്ധേയമായ ഭവനം വിശുദ്ധ കഅ്‌ബയാണ്. നൂറുകോടി മനുഷ്യര്‍ ദിനേന അഞ്ചുനേരം അതിന്റെ നേരെ തിരിഞ്ഞ് നമസ്കരിക്കുന്നു. അവരൊക്കെയും ആസന്നമരണരാവുമ്പോള്‍ തങ്ങളുടെ മുഖം തിരിച്ചുവെക്കാറുള്ളത് അതിന്റെ നേരെയാണ്. വ്യത്യസ്ത തലമുറകളിലെ നിരവധി നൂറ്റാണ്ടുകളിലെ എണ്ണിയാലൊടുങ്ങാത്ത കോടാനുകോടി മനുഷ്യര്‍ അന്ത്യവിശ്രമം കൊള്ളുന്നത് ആ വിശുദ്ധ മന്ദിരത്തിന്റെ നേരെ മുഖം തിരിച്ചുവച്ചാണ്. ആ ദേവാലയത്തിന്റെ മുകളില്‍ ഒരൊറ്റ മനുഷ്യനേ കയറിനിന്ന് ബാങ്ക് നിര്‍വ്വഹിച്ചിട്ടുള്ളൂ. അതൊരു വിജയപ്രഖ്യാപനം കൂടിയായിരുന്നു. ജന്മനാടിനോട് വിട പറയേണ്ടി വന്ന പ്രവാചകനും അനുചരന്മാരും മക്കയിലേക്ക് ജേതാക്കളായി തിരിച്ചുവന്ന ചരിത്ര മുഹൂര്‍ത്തത്തിലായിരുന്നു അത്. അപ്പോള്‍ ഒരു ജേതാവിനെപ്പോലെ, നെടുനായകനെപ്പോലെ, ഭരണാധികാരിയെപ്പോലെ, സര്‍വ്വസൈന്യാധിപനെപ്പോലെ വിശുദ്ധ ദേവാലയത്തിന്റെ മുകളില്‍ കയറിനിന്ന് വിജയപ്രഖ്യാപനം നടത്താന്‍ നബിതിരുമേനി തെരഞ്ഞെടുത്തത് തന്റെ സമൂഹത്തിലെ വരേണ്യവര്‍ഗത്തിന്റെ പ്രതിനിധിയെയല്ല; ഉന്നത കുലഗ്രോത്രക്കാരനായ ആരെയുമല്ല; മറിച്ച്, അടിമയെയാണ് – തൊലി കറുത്ത, നീഗ്രോ വംശജനായ ബിലാലുബ്നു റബാഹിനെ. പ്രവാചകന്‍ അദ്ദേഹത്തെ വിശുദ്ധ ദേവാലയത്തിന്റെ മുകളില്‍ കയറ്റിനിര്‍ത്തി വിജയപ്രഖ്യാപനം നടത്തിക്കുകയായിരുന്നു. ഇങ്ങനെ സമൂഹത്തിലെ ഉച്ചനീചത്വത്തിന്റെ അവസാനത്തെ അംശവും അവസാനിപ്പിക്കാനായിരുന്നു നബി തിരുമേനി ശ്രമിച്ചത്.
ഒരു കാര്യം കൂടി സൂചിപ്പിക്കട്ടെ, ഭൂമിയില്‍ മനുഷ്യന് ചെയ്യാന്‍ കഴിയുന്ന ഏറ്റവും മഹത്തായ കാര്യം എന്ത് എന്ന ചോദ്യം ഏറെ പ്രസക്തമാണ്. സാധാരണ ഗതിയില്‍ നമുക്ക് തോന്നും, ദൈവത്തിന് ഏറ്റവും ഇഷ്ടപ്പെട്ടത് അവന്നുള്ള ആരാധനയാണ്, ഉപാസനയാണ്; മലമുകളില്‍ ഏകാന്തനായി അവനെ ആരാധിക്കലും തപസ്സനുഷ്‌ഠിക്കലുമാണെന്ന്. എന്നാല്‍, ദൈവം പഠിപ്പിക്കുന്നത് മറ്റൊന്നാണ്; അവന്‍ മനുഷ്യനോട് പറഞ്ഞു: “ആളുകളെ കാണിക്കുവാന്‍ വേണ്ടിയല്ലാതെ, ദൈവത്തിന്റെ പ്രീതി മാത്രം കാംക്ഷിച്ചുകൊണ്ട്, അവന്റെ ദാസന് ചെയ്യുന്ന സേവനമാണ് ഏറ്റവും മഹത്തരം.”
ഇങ്ങനെ സമൂഹജീവിതത്തിന്റെ വ്യത്യസ്ത തലങ്ങളില്‍ പുലര്‍ത്തേണ്ട നിയമനിര്‍ദേശങ്ങള്‍ പഠിപ്പിച്ച ഇസ്‌ലാം സമ്പത്ത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് വിശദീകരിച്ചു. ധനം ദൈവത്തിന്റേതാണ്. മനുഷ്യന് കൈകാര്യാവകാശം മാത്രമേയുള്ളൂ. അത് എവ്വിധം സമ്പാദിക്കണം; എവ്വിധം സമ്പാദിക്കരുത്; എങ്ങനെ കൈവശം വെക്കാം; എങ്ങനെ കൈവശം വെക്കരുത്; എവ്വിധം വ്യയം ചെയ്യാം; എവ്വിധം വ്യയം ചെയ്യരുത്; ഇതെല്ലാം ഇസ്‌ലാം വ്യക്തമായും കണിശമായും പഠിപ്പിച്ചിരിക്കുന്നു. സമ്പാദിക്കുക എന്നത് പാപമല്ല. മറിച്ച്, പ്രതിഫലാര്‍ഹമായ പുണ്യകര്‍മമാണ്. കാരണം, മനുഷ്യന്‍ ഭൂമിയില്‍ ദൈവത്തിന്റെ പ്രതിനിധിയാണ്. ഈ ഭൂമി ധന്യമാക്കുക, ഐശ്വര്യപൂര്‍ണമാക്കുക എന്നത് ദൈവത്തിന്റെ സൃഷ്ടിയായ മനുഷ്യന്റെ ചുമതലയാണ്. വരുംതലമുറക്ക് വേണ്ടി ഇതിനെ ഫലസമൃദ്ധമാക്കി മാറ്റുന്നത് ആരാധനയാണ്. ഒരിക്കല്‍ പ്രവാചകന്‍ പറഞ്ഞു:
“കായികാധ്വാനത്തിലൂടെ വിശ്വാസി ക്ഷീണിതനായാല്‍ പാപമോചിതനായിത്തീരും.”
മറ്റൊരിക്കല്‍ നബിതിരുമേനി തന്റെ അനുചരനുമായി ഹസ്തദാനം ചെയ്യുകയായിരുന്നു. അയാളുടെ കൈ പരുപരുത്തതായിരുന്നു. അപ്പോള്‍ പ്രവാചകന്‍ ചോദിച്ചു: “എന്താണ് കൈക്ക് പറ്റിയത്?”. അയാള്‍ പറഞ്ഞു: “അത് പണിയെടുത്തതിന്റെ തഴമ്പ് ബാധിച്ചതാണ്”. ഉടനെ പ്രവാചകന്‍ അദ്ദേഹത്തിന്റെ ഇരു കൈകളും പിടിച്ചു ചുംബിച്ചു. എന്നിട്ടവ ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് പറഞ്ഞു: “ദൈവത്തിനും അവന്റെ ദൂതന്നും ഏറ്റവും പ്രിയപ്പെട്ട കൈകളാണിവ. പാടുപെട്ട് പണിയെടുത്ത്, പാടുകളുണ്ടാക്കുന്ന കൈകളാണ് അല്ലാഹുവിനും അവന്റെ പ്രവാചകന്നും ഏറെ പ്രിയങ്കരമെന്നര്‍ത്ഥം. ഇങ്ങനെ അധ്വാനിക്കാന്‍ ആവശ്യപ്പെടുന്നതോടൊപ്പം തന്നെ, സമൂഹ താല്‍പര്യത്തിന് വിരുദ്ധമായി സമ്പാദിക്കരുതെന്ന് കണിശമായി കല്‌പിക്കുകയും ചെയ്യുന്നു. അപ്രകാരം തന്നെ ധനം കൈവശം വെക്കാന്‍ അനുവദിക്കുന്ന ഇസ്‌ലാം സമൂഹത്തിന്റെ സാമ്പത്തിക സ്ഥിതി പൂര്‍ണമായും പരിഗണിച്ചാവണം അതെന്ന് ശക്തമായി അനുശാസിക്കുന്നു. അതോടൊപ്പം ധനവിനിയോഗത്തില്‍ ആര്‍ഭാടമോ ആഡംബരമോ ധൂര്‍ത്തോ ദുര്‍വ്യയമോ അരുതെന്ന് ആജ്ഞാപിക്കുന്നു.
ഇങ്ങനെ മനുഷ്യ ജീവിതത്തിന്റെ വിവിധ മേഖലകളിലേക്ക് ആവശ്യമായ മുഴുവന്‍ നിയമനിര്‍ദേശങ്ങളും ദൈവം തന്റെ അന്ത്യദൂതനിലൂടെ നല്‍കിയിരിക്കുന്നു. അവയനുസരിച്ച് ജീവിക്കുന്നവര്‍ക്കാണ് മുസ്‌ലിംകള്‍ എന്നു പറയുക. നേരത്തെ സൂചിപ്പിച്ചതുപോലെ അത് ഏതെങ്കിലും ജാതിയുടെ പേരല്ല; ദേശക്കാരുടെയോ ഭാഷക്കാരുടെയോ പ്രത്യേകം പേരുള്ളവരുടെയോ പേരല്ല. ആര്‍ ഈ പ്രപഞ്ചത്തിന്റെ പിന്നിലെ പ്രകൃതിനിയമം നിശ്ചയിച്ചുവോ അതേ ദൈവത്തില്‍ നിന്ന് മനുഷ്യരാശിക്കായി അവതീര്‍ണമായ ജീവിത വ്യവസ്ഥയനുസരിച്ച് ജീവിക്കുന്നവരാണ് മുസ്‌ലിംകള്‍. അങ്ങനെ ജീവിക്കുന്നതിനാണ് ഇസ്‌ലാം എന്നു പറയുക. അതിനാല്‍ മൂന്ന് അടിസ്ഥാന സിദ്ധാന്തങ്ങള്‍ ഇസ്‌ലാം മനുഷ്യസമൂഹത്തിന്റെ മുമ്പില്‍ സമര്‍പ്പിക്കുന്നു. ഒന്ന്, പ്രപഞ്ചത്തിന്റെ സ്രഷ്ടാവും സംരക്ഷകനുമായ ദൈവത്തിന് മാത്രം വഴങ്ങി വണങ്ങി വിധേയമായി, അവന്‍ നല്‍കിയ നിയമവ്യവസ്ഥയനുസരിച്ച് ജീവിക്കുക. അവ്വിധം ജീവിച്ചാല്‍ മരണശേഷം ദൈവം വാഗ്‌ദാനം ചെയ്ത സ്വര്‍ഗം ലഭിക്കും. ദൈവത്തെ ധിക്കരിച്ച് നിഷേധിയായി, അഹങ്കാരിയായി, പാപിയായി ജീവിച്ചാല്‍ മരണശേഷം പരലോകത്ത് നരകാവകാശിയായിത്തീരും. ഈ സന്ദേശം മനുഷ്യര്‍ക്കെത്തിച്ചു കൊടുത്ത, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത കാലഘട്ടങ്ങളില്‍ നിയോഗിതരായ മുഴുവന്‍ ദൈവദൂതന്മാരെയും ആ പരമ്പരയിലെ അവസാനത്തെ കണ്ണിയായ മുഹമ്മദ് നബിയെയും വിശ്വസിക്കുകയും അംഗീകരിക്കുകയും അവരിലൂടെ അവതീര്‍ണമായ സന്ദേശം സ്വീകരിക്കുകയും ചെയ്യുക. ഈ മൂന്ന് അടിസ്ഥാനങ്ങളംഗീകരിച്ച് ദൈവം നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് നന്ദി എന്ന നിലയില്‍ അവനെ മാത്രം, അവന്‍ പഠിപ്പിച്ച പോലെ, ആരാധിക്കണമെന്നും ജീവിതത്തിന്റെ വിവിധ മേഖലകളിലേക്ക് ദൈവം നല്‍കിയ നിയമനിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ട് വിശുദ്ധമായ, പുണ്യകരമായ ജീവിതം നയിക്കണമെന്നും അതാവശ്യപ്പെടുന്നു. അങ്ങനെ ജീവിക്കുന്ന വിശ്വാസി തനിക്ക്, തന്റെ കുടുംബത്തിന്, സമൂഹത്തിന്, നാട്ടിന്, ലോകത്തിന് അനുഗ്രഹമായിരിക്കും. ഇവ്വിധം മനസ്സില്‍ ശാന്തിയും വ്യക്തിജീവിതത്തില്‍ വിശുദ്ധിയും കുടുംബജീവിതത്തില്‍ സ്വൈരവും സമൂഹത്തില്‍ സമാധാനവും രാഷ്ട്രത്തില്‍ ഭദ്രതയും ലോകത്ത് പ്രശാന്തിയും വളര്‍ത്തുക, സര്‍വോപരി മരണശേഷം മറുലോകത്ത് ദൈവശിക്ഷയില്‍ നിന്ന് മോചിതമായി അവന്റെ അനുഗ്രഹീതമായ സ്വര്‍ഗത്തിന്റെ അവകാശികളാവുക; ഇതൊക്കെയും സാധിതമാക്കുന്ന ഇസ്‌ലാമിക പ്രത്യയശാസ്ത്രത്തെ നിങ്ങളുടെ സൂക്ഷമമായ പഠനത്തിനും പരിശോധനക്കും നിരീക്ഷണത്തിനും വിലയിരുത്തലിനും വിധേയമാക്കണമെന്നും സ്വീകാര്യമെങ്കില്‍ ഉള്‍ക്കൊള്ളണമെന്നും വിനയപൂര്‍വ്വം അഭ്യര്‍ഥിക്കുന്നു. ഇവിടെ ഇപ്പോള്‍ സമര്‍പ്പിച്ചത് ഇസ്‌ലാമിന്റെ സമഗ്രമായ രൂപമോ പൂര്‍ണമായ പഠനമോ അല്ല. അതേക്കുറിച്ച് അന്വേഷിക്കാനും പഠിക്കാനും അറിയാനും മനസ്സിലാക്കാനും പ്രചോദകമായേക്കാവുന്ന ഒരു സംക്ഷിപ്‌ത ചിത്രം മാത്രമാണ്. വിശദമായ പഠനത്തിന് നിങ്ങള്‍ സന്നദ്ധമാകുമെന്ന് പ്രതീക്ഷിക്കുന്നു. സന്നദ്ധമാവണമെന്ന് വിനയപൂര്‍വം അഭ്യര്‍ഥിക്കുന്നു.
ദൈവത്തിന്റെ സത്യശുദ്ധമായ പാത ഏതെന്ന് കണ്ടെത്തി അതിലൂടെ സഞ്ചരിച്ച് മനസ്സിന് സ്വാസ്ഥ്യവും വ്യക്തിജീവിതത്തില്‍ വിശുദ്ധിയും കുടുംബത്തില്‍ സ്വൈരവും സമൂഹത്തില്‍ സമാധാനവും രാജ്യത്ത് ഭദ്രതയും ലോകത്ത് പ്രശാന്തിയും സ്ഥാപിതമാവാനും, സര്‍വോപരി മരണശേഷം ദൈവത്തിന്റെ സമ്മാനമായ സ്വര്‍ഗം നേടാനും അവന്‍ നമ്മെ ഏവരെയും അനുഗ്രഹിക്കട്ടെ. പ്രപഞ്ചനാഥനായ അല്ലാഹു നമ്മെ ഇരുലോകത്തും തുണക്കുമാറാവട്ടെ.