ഇന്ത്യയിലെ പരമോന്നത നിയമമാണ് ഇന്ത്യയുടെ ഭരണഘടന (Constitution of India). രാജ്യത്തെ അടിസ്ഥാന രാഷ്ട്രീയ തത്ത്വങ്ങളുടെ നിർവ്വചനം, ഗവൺമെന്റ് സംവിധാനത്തിന്റെ ഘടന, അധികാരങ്ങൾ, നടപടിക്രമങ്ങൾ, കർത്തവ്യങ്ങൾ, പൗരന്റെ മൗലികാവകാശങ്ങൾ, കടമകൾ, രാഷ്ട്രഭരണത്തിനായുള്ള നിർദേശകതത്ത്വങ്ങൾ മുതലായവ ഭരണഘടന മുന്നോട്ടുവയ്ക്കുന്നു. പരമാധികാര രാഷ്ട്രങ്ങളിലെ ലിഖിത ഭരണഘടനകളിൽ വെച്ച് ഏറ്റവും വലുതാണ് ഇന്ത്യയുടെ ഭരണഘടന. 25 ഭാഗങ്ങളും 395 അനുഛേദങ്ങളും 12 പട്ടികകളുമാണ് ഇന്ത്യൻ ഭരണഘടനയ്ക്കുള്ളത്.(അനുഛേദങ്ങൾ ആകെ ഇതുവരെ യഥാർത്ഥത്തിൽ 470)
1949 നവംബർ 26-നാണ് ഭരണഘടനാ നിർമ്മാണസഭ ഇന്ത്യയുടെ ഭരണഘടന അംഗീകരിച്ചത്. 1950 ജനുവരി 26 ന് അത് പ്രാബല്യത്തിൽ വന്നു.
രൂപവത്കരണ പശ്ചാത്തലം
1946-ലെ കാബിനെറ്റ് മിഷൻ പദ്ധതിയുടെ കീഴിൽ രൂപവത്കരിച്ച ഭരണഘടനാ നിർമ്മാണസഭയെയായിരുന്നു (കോൺസ്റ്റിറ്റുവന്റ് അസ്സംബ്ലി) ഇന്ത്യൻ ഭരണഘടന രൂപവത്കരിക്കുന്നതിനുള്ള ചുമതല ഏൽപിച്ചത്. ഈ സഭ, പതിമൂന്നു കമ്മിറ്റികൾ ചേർന്നതായിരുന്നു. ഈ സഭയിലെ അംഗങ്ങളിൽ പ്രാദേശിക നിയമസഭകളിൽ നിന്ന് അവയിലെ അംഗങ്ങൾ തിരഞ്ഞെടുത്തവരും നാട്ടുരാജ്യങ്ങളുടെയും മറ്റു പ്രദേശങ്ങളുടെയും പ്രതിനിധികളും ഉണ്ടായിരുന്നു. ആകെ 389 അംഗങ്ങളുണ്ടായിരുന്ന സഭയുടെ അംഗത്വം പിന്നീട് ഇന്ത്യ വിഭജിക്കപ്പെട്ടപ്പോൾ 299 അംഗങ്ങളായി ചുരുങ്ങി.
സഭയുടെ ഉദ്ഘാടനയോഗം 1946 ഡിസംബർ 9-ന് ചേർന്നു.1949 നവംബർ 26 വരെ സഭ പ്രവർത്തിച്ചു. ഡോ.സച്ചിദാനന്ദ സിൻഹ ആയിരുന്നു സഭയുടെ അന്നത്തെ താത്കാലിക ചെയർമാൻ. 1946 ഡിസംബർ 11-ന് ഡോ. രാജേന്ദ്രപ്രസാദിനെ സഭയുടെ പ്രസിഡന്റായി തിരഞ്ഞെടുത്തു.സഭയുടെ നിയമോപദേഷ്ടാവ് ശ്രീ ബി.എൻ. റാവു ആയിരുന്നു.
29 ഓഗസ്റ്റ് 1947-ന് സഭ, അന്നത്തെ നിയമമന്ത്രി ആയിരുന്ന ഡോ.ബി.ആർ.അംബേദ്‌കറിന്റെ നേതൃത്വത്തിൽ ഒരു കരട് (ഡ്രാഫ്റ്റിംഗ്) കമ്മിറ്റി രൂപവത്കരിച്ചു. ശ്രീ. ബി.എൻ.റാവു ആയിരുന്നു ഭരണഘടനാ ഉപദേശകൻ.
ഇന്ത്യൻ ഭരണഘടന എന്ന ദൗത്യം പൂർത്തിയാക്കാൻ കൃത്യം രണ്ടു വർഷം പതിനൊന്ന് മാസം പതിനെട്ട് ദിവസം വേണ്ടി വന്നു. ആകെ 165 ദിവസത്തോളം നീണ്ട ചർച്ചകൾ സഭയിൽ നടന്നു . ഇവയിൽ 114 ദിവസവും കരട് ഭരണഘടനയുടെ ചർച്ചയായിരുന്നു നടന്നത്. കരടു ഭരണഘടനയിൽ 7,635 ഭേദഗതികൾ നിർദ്ദേശിക്കപ്പെട്ടു. 2,437 ഭേദഗതികൾ തീരുമാനിക്കപ്പെട്ടു. ഭരണഘടനയുടെ ആദ്യപകർപ്പ് 1948 ഫെബ്രുവരി 28 ന് പ്രസിദ്ധീകരിച്ചു.
1949 നവംബർ 26-ന് ഘടകസഭ ഡ്രാഫ്‌റ്റിംഗ് കമ്മിറ്റി രൂപവത്കരിച്ച ഭരണഘടന അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്തു. ഇതിന്റെ ഓർമ്മയ്ക്കായാണ് എല്ലാ വർഷവും നവംബർ 26-ാം തീയതി ഇന്ത്യയിൽ നിയമ ദിനമായി ആചരിക്കുന്നത്.
ഇന്ത്യയുടെ ഭരണഘടനയിൽ സഭയുടെ അംഗങ്ങൾ ഒപ്പുവെക്കുന്നത് 1950 ജനുവരി 24-നാണ്. തുടർന്ന് ഭരണഘടനാ പ്രഖ്യാപനവും ഭരണഘടന പ്രാബല്യത്തിൽ കൊണ്ടുവരികയും ചെയ്‌തത് 1950 ജനുവരി 26-നായിരുന്നു. ഇതിന്റെ ഓർമ്മക്ക് എല്ലാ വർഷവും ജനുവരി 26-ാം തീയതി ഇന്ത്യ റിപ്പബ്ലിക്ക് ദിനമായി ആചരിക്കുന്നു.
ഘടകസഭയുടെ അന്തിമ അംഗീകാരം ലഭിക്കുമ്പോൾ ഇന്ത്യൻ ഭരണഘടനയിൽ 395 വകുപ്പുകളും 8 പട്ടികകളും മാത്രമാണു ണ്ടായിരുന്നത്. ഇപ്പോൾ, 444-ലേറെ വകുപ്പുകളും 12 പട്ടികകളും ഭരണഘടനയിലുണ്ട്. ഏറ്റവും അധികം ഭേദഗതികൾക്കു വിധേയമായ ഭരണഘടനയും ഇന്ത്യയുടെ തന്നെ.
ഭരണഘടനാനിർമ്മാണസഭയിൽ നടന്ന ചർച്ചകൾ ഭരണഘടനയുടെ അർത്ഥം മനസ്സിലാക്കാൻ ഏറ്റവും സഹായകമായവയാണ്.
പ്രത്യേകതകൾ
- ലോകത്തിലെ ലിഖിതമായ ഭരണഘടനകളിൽ ഏറ്റവും ദീർഘമായത്.
- 25 ഭാഗങ്ങൾ, 470 അനുഛേദങ്ങൾ, 12 പട്ടികകൾ
- ഇന്ത്യയെ ഒരു പരമാധികാര, ജനാധിപത്യ രാഷ്‌ട്രമായി പ്രഖ്യാപിക്കുന്നു.
- ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും മൗലികാവകാശങ്ങൾ ഉറപ്പ് നൽകുന്നു.
- ഒരു ജനാധിപത്യ പ്രതിനിധിസഭയുടെ ഭരണം രൂപവത്കരിച്ചു. ജനങ്ങൾ തിരഞ്ഞെടുക്കുന്ന നിയമനിർമ്മാണസഭയിലാണ് ഭരണഘടനാ ഭേദഗതികൾ അധികാരപ്പെടുത്തിയിരിക്കുന്നത്.
- പരമാധികാരമുണ്ടായിരുന്ന വ്യത്യസ്ത സംസ്ഥാനങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ സാധിച്ചു.
- ഇന്ത്യയെ ഒരു മതേതര രാജ്യമായി പ്രഖ്യാപിക്കുന്നു.
- പ്രായപൂർത്തിയായവർക്ക് (18 വയസ്സ് തികഞ്ഞവർക്ക്) സമ്മതിദാനാവകാശം ഉറപ്പ് വരുത്തുന്നു.
- ഒരു സ്വതന്ത്രനീതിന്യായ വ്യവസ്ഥിതി നിർമ്മിച്ചു.
ആമുഖം
ഭരണഘടനയുടെ ആമുഖം ആരംഭിക്കുന്നത് “നമ്മൾ, ഇന്ത്യയിലെ ജനങ്ങൾ“ എന്ന വാക്കുകളോടെയാണ്. ഒറ്റ വാക്യത്തിലുള്ള ഒന്നാണ് ഈ ആമുഖം. എങ്കിലും ഇന്ത്യൻ ജനാധിപത്യത്തെക്കുറിച്ചും രാഷ്ട്ര സംവിധാനത്തെക്കുറിച്ചുമുള്ള ഏറ്റവും പ്രൌഢമായ പ്രസ്താവനയായി ഈ ആമുഖം പരിഗണിക്കപ്പെടുന്നു. മതേതരം (secular) എന്ന വാക്ക് നാൽപ്പത്തിരണ്ടാം ഭരണഘടനാഭേദഗതിനിയമപ്രകാരം 1976-ൽ ആണ് കൂട്ടിച്ചേർക്കപ്പെട്ടത്. എന്നാൽ ഭരണഘടന എന്നും മതേതരമായിരുന്നു എന്നും ഈ മാറ്റം മുൻപു തന്നെ അന്തർലീനമായിരുന്ന ഒരു തത്ത്വത്തെ കൂടുതൽ വ്യക്തമാക്കുക മാത്രമേ ചെയ്യുന്നുള്ളു എന്നും പറയപ്പെടുന്നു.
ഭരണഘടനയുടെ ആമുഖം അതിന്റെ ശില്പികളുടെ മനസ്സിന്റെ താക്കോലാണെന്ന് പറയപ്പെടുന്നു. അതിന്റെ വ്യവസ്ഥകളുടെ അർത്ഥവ്യാപ്തി മനസ്സിലാക്കാനും ഭരണഘടനയുടെ അടിസ്ഥാനശിലകളായ തത്ത്വങ്ങൾ മനസ്സിലാക്കുവാനും ആമുഖത്തിനുള്ള സ്ഥാനം ചെറുതല്ല.
ആമുഖം എഴുതിയത് ശ്രീ ജവഹർലാൽ നെഹ്രുവാണ്.
മറ്റു വിവരങ്ങൾ
- ഇന്ത്യക്ക് ആദ്യമായി ഒരു ഭരണഘടന വേണമെന്ന് നിർദേശിച്ചത് എം എൻ റോയ് ആണ്.
- ഭരണഘടനയുടെ ശില്പി ഡോ. ബി.ആർ. അംബേദ്കർ ആണ്.
- മൗലികാവകാശങ്ങളുടെ ശില്പി ശ്രീ സർദാർ വല്ലഭ്ഭായി പട്ടേൽ ആണ്.
- മൗലികാവകാശങ്ങൾ ഉൾക്കൊള്ളുന്ന ഭരണഘടനയുടെ മൂന്നാം ഭാഗത്തെ ഇന്ത്യയുടെ മാഗ്നാകാർട്ട എന്നും ഭരണഘടനയുടെ ആണിക്കല്ല് എന്നും പറയുന്നു.
- ഇന്ത്യയുടെ 8-ആം ഷെഡ്യൂളിൽ 22 ഭാഷകളുണ്ട്.
- കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് തുല്യ അവകാശമുള്ള കൺകറന്റ് ലിസ്റ്റ് ഓസ്ട്രേലിയൻ ഭരണഘടന ആധാരമാക്കി ചേർത്തതാണ്.
- രാഷ്ട്രപതിയേയും ഹൈക്കോടതി- സുപ്രീം കോടതി ജഡ്ജിമാരേയും ഇംപീച്ച് ചെയ്യാനുള്ള ആശയം ആമേരിക്കൻ ഭരണഘടനയെ മാതൃകയാക്കിയതാണ്.
- മൗലികാവകാശങ്ങൾ ഉൾപ്പെടുത്തിയത് അമേരിക്കൻ ഭരണഘടനയെ ആധാരമാക്കിയാണ്.
- പാർലമെൻററി വ്യവസ്ഥ, ഏകപൗരത്വം എന്നിവ ബ്രിട്ടനെ മാതൃകയാക്കിയുള്ളതാണ്.
- മാർഗനിർദ്ദേശക തത്ത്വങ്ങൾ, രാഷ്ട്രപതിയുടെ തിരഞ്ഞെടുപ്പ് എന്നിവ അയർലന്റിൽനിന്നും കടമെടുത്തതാണ്.
- കേന്ദ്ര സർക്കാരിന്റെ റസിഡ്യുവറി പവർ കാനഡയെ മനസ്സിൽ കണ്ടുകൊണ്ടുള്ളതാണ്.
- മൗലിക കർത്തവ്യങ്ങൾ റഷ്യൻ ഭരണഘടനയിൽ നിന്നും കടംകൊണ്ടതാണ്
- ഭരണഘടനാ ഭേദഗതി എന്ന ആശയം ദക്ഷിണാഫ്രിക്കയിൽ നിന്ന് കടം കൊണ്ടതാണ്.