Republic – ഗണതന്ത്രം

ഒരു രാജ്യത്തിന്റെ പരമാധികാരം ജനങ്ങളിൽ നിഷിപ്തമായിരിക്കുകയും തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികൾ മുഖേന അത് വിനിയോഗിക്കുകയും ചെയ്യുന്ന ഭരണസമ്പ്രദായമാണ് ഗണതന്ത്രം അഥവാ റിപ്പബ്ലിക്. ഇത്തരം രാഷ്ട്രങ്ങൾ രാഷ്ട്രത്തലവനെ തിരഞ്ഞെടുക്കുകയും ഭരണഘടനാപ്രകാരം ഭരണം നിർവ്വഹിക്കുകയും ചെയ്യുന്നു.ഗണതന്ത്ര സമ്പ്രദായത്തിൽ രാഷ്ട്രത്തലവൻ ഒരു നിശ്ചിതകാലത്തേക്ക് പ്രസ്തുത സ്ഥാനം വഹിക്കാൻ തിരഞ്ഞെടുക്കപ്പെടുന്നു.

പൊതുകാര്യം എന്നർഥം വരുന്ന റെസ് പബ്ലിക്ക (Res Publica)എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് റിപ്പബ്ലിക് എന്ന പദം ഉരുത്തിരിഞ്ഞത്

ഒട്ടു മിക്ക ഗണതന്ത്ര രാജ്യങ്ങളിലെയും രാഷ്ട്രത്തലവർ രാഷ്ട്രപതി എന്നറിയപ്പെടുന്നു. (ചില പ്രാചീന രാജ്യങ്ങളിൽ കോൺസൽ, ഡോജ്, ആർക്കോൺ, എന്നിങ്ങനെ അറിയപ്പെട്ടിരുന്നു.) ജനാധിപത്യ രാജ്യങ്ങളിൽ തിരഞ്ഞെടുപ്പിലൂടെ രാഷ്ട്രത്തലവനെ നിയമിക്കുന്നു. ഈ തിരഞ്ഞെടുപ്പ് നേരിട്ടോ അല്ലാതെയോ ആവാം. നേരിട്ടലാത്ത തിരഞ്ഞെടുപ്പിൽ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട സമിതി ആവും രാഷ്ട്രത്തലവനെ തിരഞ്ഞെടുക്കുന്നത്. സാധാരണ 4 മുതൽ 6 വർഷം വരെയാവും രാഷ്ട്രത്തലവരുടെ കാലാവധി.

ഒരു ഗണതന്ത്ര രാജ്യത്തിൽ രാഷ്ട്രത്തലവനും ഭരണത്തലവനും ഒരേ വ്യക്തിയായാൽ അത് രാഷ്ട്രപതി സമ്പ്രദായം എന്നറിയപ്പെടുന്നു.അമേരിക്ക ഇതിനുദാഹരണമാണ്‌. നിയമസഭ ഗണതന്ത്ര രാജ്യങ്ങളിൽ രാഷ്ട്രത്തലവനും ഭരണത്തലവനും വ്യത്യസ്ത വ്യക്തികളായിരിക്കും. ഇത്തരം രാജ്യങ്ങളിൽ ഭരണത്തലവൻ പ്രധാനമന്ത്രി എന്നറിയപ്പെടുന്നു. ചില രാജ്യങ്ങളിൽ രാഷ്ട്രത്തലവനും ഭരണത്തലവനും വ്യത്യസ്ത രാഷ്ട്രീയപാർട്ടികളിൽ നിന്നാവണമെന്ന് നിർബന്ധമുണ്ട്‌.

ഒരു ഗണതന്ത്ര രാജ്യത്തെ നിയന്ത്രിക്കുന്ന തത്ത്വശാസ്ത്രങ്ങൾ, ഗണതന്ത്രവാദം എന്നറിയപ്പെടുന്നു.ജനങ്ങളുടെ സ്വാതന്ത്ര്യം രക്ഷിക്കുന്ന രാഷ്ട്രീയ ഘടനയാണിത്. പ്രഭു ഭരണം, രാജവാഴ്ച, എന്നിവയ്ക്കെതിരാണ് ഗണതന്ത്രവാദം. ബ്രിട്ടൺ, കാനഡ, ജപ്പാൻ എന്നീ രാജ്യങ്ങളിൽ ഭരണഘടനാവിധേയമായ രാജവാഴ്ചയെ ഗണതന്ത്രം അംഗീകരിക്കുന്നു.

1950 ജനുവരി 26ന് ഇന്ത്യൻ ഭരണഘടന ഔദ്യോഗികമായി അംഗീകരിച്ചതിന്റെ ഓർമ്മയായിട്ടാണ് എല്ലാ വർഷവും ജനുവരി 26ന് രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *