Democracy – ജനാധിപത്യം

ജനങ്ങൾ എന്നർത്ഥമുള്ള ഡെമോസ്(Demos), ഭരണം എന്നർത്ഥമുള്ള ക്രറ്റോസ്(kratos) എന്നീ പദങ്ങൾ ചേർന്ന് ഗ്രീക്ക് ഭാഷയിൽ ഡെമോക്രാറ്റിയ(Demokratia) എന്ന സമസ്തപദമുണ്ടായി. ഈ വാക്ക് ആദ്യമായി പ്രയോഗിച്ചത് ബി.സി. 5-ആം നൂറ്റാണ്ടിലെ ഗ്രീക്ക് ചരിത്രകാരനായ ഹെറഡോട്ടസ് ആയിരുന്നു. ഇത് ഇംഗ്ലീഷിൽ ഡെമോക്രസിയായി(Democracy). ഡെമോക്രസിയുടെ മലയാള തർജ്ജമയാണു ജനാധിപത്യം. ജനങ്ങൾക്കുവേണ്ടി ജനങ്ങൾ, ജനങ്ങളെ ഭരിക്കുന്നതാണു ജനാധിപത്യമെന്ന് എബ്രഹാം ലിങ്കന്റെ വാക്കുകളിൽ കാണാം.

ജനാധിപത്യത്തിന്റെ ആരംഭം

നികുതിപിരിവിനും യുദ്ധത്തിനും മറ്റും രാജാക്കന്മാർക്ക് പ്രബലരായ ജന്മിമാരുടെ സഹായം ആവശ്യമായിരുന്നു. നികുതി കൊടുക്കേണ്ടവരുടെ സമ്മതത്തോടെ അത് ഏർപ്പടുത്തിയാൽ പിരിച്ചെടുക്കാൺ എളുപ്പമുണ്ടാവും. നികുതി കൊടുക്കേണ്ടവരെ മുഴുവനും വിളിച്ചുവരുത്തി ആലോചിക്കാൻ സാധ്യമല്ലാത്തതിനാൽ ഓരോ പ്രദേശത്തുമുള്ള, നികുതിദായകരുടെ പ്രാതിനിധ്യമുണ്ടെന്ന് അധികൃതർക്ക് തോന്നിയ വ്യക്തികളെ ക്ഷണിച്ചുവരുത്തി നികുതികളെക്കുറിച്ച് ചർച്ച ചെയ്യുകയും, നികുതി പിരിക്കാൻ ഏർപ്പാടാക്കുകയും ചെയ്തു. ആദ്യമൊക്കെ നികുതിക്കാര്യത്തിൽ മാത്രം ഒതുങ്ങിനിന്ന ആലോചന ക്രമേണ മറ്റു ഭരണകാര്യങ്ങളിലേക്കും വ്യാപിപ്പിച്ചു. ബ്രിട്ടണിൽ 1265-ൽ സൈമൺ ഡി മോൺറ്റ്ഫർട്ട് ഒരു പ്രതിനിധിസമ്മേളനം വിളിച്ചുകൂട്ടി. പിന്നീട് 1295-ൽ എഡ്വേർഡ് ഒന്നാമൻ വിളിച്ചുകൂട്ടിയ പ്രതിനിധിസമ്മേളനം മാതൃകാപാർലമെന്റ് എന്നു പിൽക്കാലത്തു വിളിക്കപ്പെട്ടു. പല കാര്യങ്ങൾക്കും ഈ പ്രതിനിധികളുടെ സഹായം രാജാവിന്നാവശ്യമായിരുന്നതു കൊണ്ട് അവരുടെ നിവേദനങ്ങൾക്കും ആവശ്യങ്ങൾക്കും രാജാവു വഴങ്ങിപ്പോന്നു. ക്രമേണ ഈ പ്രതിനിധികൾ അധികാരത്തിന്റെ പങ്ക് കൂടുതൽ കൂടുതൽ വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ രാജാവ് ആ സമ്മർദ്ദത്തെ ചെറുത്തു. രാജാവും പ്രതിനിധികളും തമ്മിൽ ബ്രിട്ടനിൽ പല സംഘട്ടനങ്ങളും നടന്നു. അവസാനം പ്രതിനിധികൾ തന്നെ ജയിച്ചു. 1688-ലെ വിപ്ലവത്തോടെ ബ്രിട്ടനിൽ ജനപ്രതിനിധിസംഘത്തിന്റെ (പാർലമെന്റ്) പരമാധികാരംസ്ഥാപിച്ചു കിട്ടി. പാർലമെന്റിന്റെ തീരുമാനങ്ങൾക്കു വിധേയനായി പ്രവർത്തിക്കാൻ രാജാവു നിർബ്ബന്ധിതനായി. നികുതി പിരിക്കുവാനുള്ള സൗകര്യം പ്രമാണിച്ച് രാജാവ് വിളിച്ചുകൂട്ടാൻ തുടങ്ങിയ പ്രതിനിധി സമ്മേളനങ്ങൾ രാജാവിൽനിന്ന് രാജ്യത്തിന്റെ ഭരണാധികാരം പിടിച്ചുപറ്റുകയും ജനപ്രതിനിധികളോടാലോചിക്കാതെ ഒരു നികുതിയും ചുമത്താൻ പാടില്ലെന്ന സ്ഥിതി സംജാതമാവുകയും ചെയ്തു. ബ്രിട്ടനിൽ ജനപക്ഷത്തിനു ലഭിച്ച വിജയം ഇതര യൂറോപ്യൻ രാജ്യങ്ങളിലെ സ്വാതന്ത്ര്യപ്രേമികളെ ആവേശംകൊള്ളിക്കുകയും അവിടങ്ങളിലും പാർലമെന്റുകൾ ഉണ്ടാവുകയും ചെയ്തു.

രാജഭരണവും സാ​മ്രാജ്യത്വവും ഏകാധിപത്യവും ഉയർത്തിയ ഒ​​ട്ടേറെ വെല്ലുവിളികൾ തരണംചെയ്താണ് ജനാധിപത്യത്തിന്റെ വളർച്ച. പൊതുനന്മയാണ് ജനാധിപത്യത്തിന്റെ ആത്യന്തിക ലക്ഷ്യം. ലോകത്തിലെ ജനാധിപത്യ രാജ്യങ്ങളിൽ പ്രധാന സ്ഥാനമുണ്ടായിരുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയിൽ ജനാധിപത്യസംവിധാനം നിലനിൽക്കുന്നതിന്റെ അടിസ്ഥാന രേഖയാകട്ടെ ഭരണഘടനയും. സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതിയെക്കുറിച്ച് ഭരണഘടനയുടെ ആമുഖം വിളംബരംചെയ്യുന്നു. ഇതുതന്നെയാണ് ജനാധിപത്യ സംവിധാനത്തിന്റെ ലക്ഷ്യവും.

വോട്ടവകാശത്തിന്റെ വളർച്ച

ബ്രിട്ടനിൽ പാർലമെന്റിനു പരമാധികാരം ലഭിച്ചത് 1688-ലാണെങ്കിലും 1832 വരെ ബ്രിട്ടീഷ് പാർലമെന്റ് ജനപ്രതിനിധിസഭയെന്ന പേരിനു യഥാർത്ഥത്തിൽ അർഹമായിരുന്നില്ല. തെരഞ്ഞെടുപ്പിൽ വോട്ടവകാശമുള്ളവരുടെ സംഖ്യ വളരെ ചെറുതായിരുന്നു. ധനികർക്കു വിൽക്കുകയും വാങ്ങുകയും ചെയ്യാവുന്ന ചരക്കുകളായിരുന്നു പാർലമെന്റു സീറ്റുകൾ. 1832-ൽ വോട്ടവകാശം കുറേക്കൂടി വിശാലമായ ഒരടിസ്ഥാനത്തിലാക്കുകയും തെരഞ്ഞെടുപ്പുസമ്പ്രദായങ്ങൾ പരിഷ്കരിക്കുകയും ചെയ്തു. രാജ്യത്തിന്റെ ഭരണസഭയിലേക്കുള്ള പ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിൽ വോട്ടുചെയ്യുവാനുള്ള അവകാശം പുരുഷന്മാരോടൊപ്പമായി സ്ത്രീകൾക്കു ലഭിച്ചത്, ബ്രിട്ടനിൽ 1928-ലും, ഫ്രാൻസിൽ 1946-ലും, സ്വിറ്റ്സർലണ്ടിൽ 1971-ലും മാത്രമാണു. വോട്ടവകാശം, നിയോജകമണ്ഡലവിഭജനം, വോട്ടിങ്ങ് സമ്പ്രദായം മുതലായ പലകാര്യങ്ങളും ഇനിയും വളരെ പരിഷ്കാരങ്ങൾക്കു വകയുള്ളതായിത്തന്നെ ശേഷിക്കുന്നു. പക്ഷെ, പരിഷ്കാരങ്ങളുടെയെല്ലാം ലക്ഷ്യം പ്രതിനിധിസഭയുടെ പ്രാതിനിധ്യം എത്രകണ്ടു കൂടുതൽ പൂർണ്ണമാക്കാമെന്നുള്ളതും പ്രതിനിധിയെ തെരഞ്ഞെടുക്കുന്നതിനു ജനങ്ങൾക്കുള്ള സ്വാതന്ത്ര്യം എത്രകണ്ടു വിശാലമാക്കാമെന്നുള്ളതുമായിരിക്കണം.

പാർലമെന്ററി ജനാധിപത്യം

ജനാധിപത്യത്തിന്റെ മൗലികതത്വങ്ങളെ പശ്ചാത്യലോകം പൊതുവേ അംഗീകരിച്ചെങ്കിലും അവ പ്രായോഗികമാക്കാനുള്ള ഭദ്രമായ ചട്ടക്കൂട് ഉണ്ടായത് 18-ആം നൂറ്റാണ്ടിൽ അമേരിക്ക ഒരു ഭരണഘടന വാർത്തെടുത്തതോടുകൂടിയാണു. ഇംഗ്ലണ്ട് ഒരു ലിഖിതഭരണം കൂടാതെതന്നെ പടിപടിയായി ജനാധിപത്യത്തിലേക്ക് പുരോഗിമിച്ചുകൊണ്ടിരുന്നു. ജനപ്രാധിനിത്യസ്ഥാപനങ്ങൾ, സാർവ്വത്രികവോട്ടവകാശം, ആനുപാതികപ്രാതിനിധ്യം, പാർട്ടിസമ്പ്രദായം മുതലായവയെസംബന്ധിച്ച താത്വികചർച്ചകൾക്ക് അമേരിക്കയിലെ ജെഫേർസൻ, ഫ്രാൻസിലെ ടോക്ക്വിൽ, ഇംഗ്ലണ്ടിലെ ജറെമി ബെന്താം, ജെയിംസ് മിൽ, ജോൺസ്റ്റുവർട്ട് മിൽ എന്നിവരും വിലപ്പെട്ട സംഭാവനകൾ നൽകി. പൗരാവകാശങ്ങൾ സംരക്ഷിക്കപ്പെടണമെങ്കിൽ പാർലമെന്ററി ഭരണം വേണമെന്ന് ഇംഗ്ലണ്ടിലെ അനുഭവങ്ങൾ തെളിയിച്ചു. അസംതൃപ്തമായ ഒരു ജനതയ്ക്ക് ഭരണാധികാരികളെ നീക്കം ചെയ്യാൻ സാധിക്കുമെന്ന് അമേരിക്കൻ വിപ്ലവം പഠിപ്പിച്ചു. ഏതാനും ചില വ്യക്തികൾക്ക് പ്രത്യേകാവകാശങ്ങളും ആനുകൂല്യങ്ങളും നൽകാൻ മാത്രമേ ഏകാധിപത്യം ഉപകരിക്കുകയുള്ളൂ എന്ന് ഫ്രഞ്ചു വിപ്ലവത്തിൽ നിന്ന് മനസ്സിലായി.

ഈ ആശയങ്ങൾക്ക് സ്ഥാപനങ്ങളുടെ രൂപം നൽകുന്നതിനെക്കുറിച്ചാണു 19-ആം നൂറ്റാണ്ടിലെ രാഷ്ട്രീയചിന്തകർ ചർച്ചചെയ്തത്. ജനപ്രാധിനിധ്യസ്ഥാപങ്ങളുടെ അടിസ്ഥാനം എത്രകണ്ട്, എങ്ങനെ കൂടുതൽ വിശാലമാക്കാം? ഭരണത്തിൽ ജനങ്ങൾക്ക് എത്ര കൂടുതൽ പങ്കു നൽകാം? ഹിതപരിശോധന, ഇനിഷ്യേറ്റീവ് (മുൻകൈ) മുതലായ സമ്പ്രദായങ്ങൾ പ്രായോഗികമാണോ? സമ്മതിദായകർക്ക് പ്രതിനിധികളെ തിരിച്ചുവിളിക്കാനുള്ള അവകാശം നൽകണമോ? ദ്വിമണ്ഡലനിയമസഭകൾ വേണമോ? ആനുപാതികപ്രാതിനിധ്യം ആശാസ്യമാണോ? പാർട്ടിസമ്പ്രദായം എങ്ങനെ പരിഷ്കരിക്കാം? എന്നിങ്ങനെ യുള്ള പ്രശ്നങ്ങളെപ്പറ്റി വ്യാപകമായ ചർച്ചകൾ നടന്നു. പലരാജ്യങ്ങളിലും തൽസംബന്ധമായ പരീക്ഷണങ്ങളും നടന്നു.

ജനാധിപത്യത്തെ പ്രത്യക്ഷ ജനാധിപത്യം, പരോക്ഷ ജനാധിപത്യം എന്നിങ്ങനെ രണ്ടായി തിരിക്കാം. ജനങ്ങൾക്ക് ഭരണത്തിൽ നേരിട്ട് പങ്കുള്ളതിനെ പ്രത്യക്ഷ ജനാധിപത്യമെന്നും ജനങ്ങൾ അവരുടെ പ്രതിനിധികളെ തെരഞ്ഞെടുത്ത് ജനപ്രതിനിധികളിലൂടെ ഭരണം നടത്തുന്നതിനെ പരോക്ഷ ജനാധിപത്യമെന്നും പറയുന്നു.

ജനാധിപത്യം എന്നാൽ സഹിഷ്ണുതയാണ്. നമ്മെ അനുകൂലിക്കുന്നവരോടു മാത്രമല്ല, നനമ്മളോട് വി​യോജിക്കുന്നവരോടുമുള്ള സഹിഷ്ണുത –ജവഹർലാൽ നെഹ്റു

ജനാധിപത്യം നിലനിൽക്കണമെങ്കിൽ ആദ്യം ജനങ്ങളിൽ ഏകത്വബോധവും ആത്മബഹുമാനവും സ്വാതന്ത്ര്യബോധവുമുണ്ടാകണം –മഹാത്മാ ഗാന്ധി

നിങ്ങൾ ഒരു ഓട്ടമത്സരത്തിൽ പ​ങ്കെടുത്ത് ജയിച്ചുകഴിയുമ്പോൾ നിങ്ങൾ ജയിച്ചു എന്നുമാത്രം ധരിക്കാതെ കൂടെ ചിലർ ഓടിയിരുന്നു എന്നോർക്കുന്നതാണ് ജനാധിപത്യം. ഒറ്റക്ക് ഓടിയാൽ ആരും ജയിക്കില്ല –മഹാത്മാ ഗാന്ധി

വളരെ മെച്ചപ്പെട്ട ഒരു ഭരണഘടനയാണ് നമുക്കുള്ളതെങ്കിലും വളരെ മോശപ്പെട്ട ​കൂട്ടരാണ് ഭരിക്കാൻ ക്ഷണിക്കപ്പെടുന്നതെങ്കിൽ ആ ഭരണഘടനയും വികൃതമാക്കപ്പെടും –ഡോ. ബി.ആർ. അംബേദ്കർ

Leave a Reply

Your email address will not be published. Required fields are marked *